റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: ‘മലയാളി ഫ്രം ഇന്ത്യ’ കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

0

നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ കോപ്പിയടിയെന്ന ആരോപണം വൻ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. തിരക്കഥാകൃത്തും എഴുത്തുകാരനുമായ നിഷാദ് കോയയാണ് ആരോപണവുമായി രംഗത്തെത്തിയത്. മലയാളി ഫ്രം ഇന്ത്യയുടെ റിലീസിന് തലേ ദിവസം ചിത്രത്തിന്റെ കഥ നിഷാദ് കോയ പുറത്തുവിടുകയായിരുന്നു.

താൻ തിരക്കഥ എഴുതിയ ഇൻഡോ- പാക് എന്ന കഥ അടിച്ചുമാറ്റി എന്നായിരുന്നു ആരോപണം. ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിന്‍റെ റിലീസിന് തലേ ദിവസമാണ് നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ എന്ന് പറഞ്ഞുകൊണ്ട് ‘ഇന്‍ഡോ–പാക്’ എന്ന തന്‍റെ സിനിമയുടെ കഥ നിഷാദ് കോയ പുറത്തുവിടുന്നത്. എന്നാൽ പിന്നീട് ഈ പോസ്റ്റ് അദ്ദേഹം പിൻവലിക്കുകയായിരുന്നു.

റിലീസിന് പിന്നാലെ നിഷോദ് കോയ പറഞ്ഞ കഥയുമായി മലയാളി ഫ്രം ഇന്ത്യയ്ക്ക് സാമ്യമുള്ളതായി തെളിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാവുകയാണ് സംഭവം. അതിനിടെ സംവിധായകന്‍ ഡിജോയും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും നടന്‍ നിവിന്‍ പോളിയും ഇതില്‍ പ്രതികരണവുമായി എത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുന്നതിനു മുന്‍പായി നിഷാദ് തങ്ങളോട് സംസാരിച്ചിട്ടില്ല എന്നാണ് അവർ പറഞ്ഞത്.എന്നാല്‍ ഇത് നുണയാണെന്നാണ് നിഷാദ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും ഫെഫ്കയില്‍ നിന്നുമെല്ലാം തനിക്ക് വിളി എത്തിയിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. നിയമപരമായി നീങ്ങാം എന്നാണ് തന്നോട് പറഞ്ഞതെന്നും നിഷാദ് കൂട്ടിച്ചേര്‍ത്തു.

ജയസൂര്യയേയും നവാസുദ്ദീന്‍ സിദ്ദീഖിയേയും പ്രധാന കഥാപാത്രങ്ങളാക്കി 2021ല്‍ അനൗണ്‍സ് ചെയ്ത ചിത്രമാണ് ഇത്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കാനിരുന്നത് വേണു കുന്നപ്പള്ളിയാണ്. ഇതു സംബന്ധിച്ച് 2021ല്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റും നിഷാദിട്ടിട്ടുണ്ട്.

Leave a Reply