സംസ്ഥാനത്തെ രണ്ടാം മെട്രോയെ സ്വീകരിക്കാൻ തലസ്ഥാനം ഒരുങ്ങുന്നു 

0

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം മെട്രോ റെയിലിനെ സ്വീകരിക്കാൻ തിരുവനന്തപുരം ഒരുങ്ങുന്നു. ഡിപിആർ തയ്യാറാക്കുന്നതിന് മുന്നോടിയായി ഫീൽഡ് സർവേ ആരംഭിച്ചു. ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി)യുടെ നേതൃത്വത്തിലാണ് ഫീൽഡ് സർവേ. നേരത്തെ ലൈറ്റ് മെട്രോയും മറ്റുമാണ് തലസ്ഥാനത്തേക്ക് ആലോചിച്ചിരുന്നതെങ്കിലും കൊച്ചി മെട്രോ മാതൃകയിൽതന്നെ മെട്രോ നിർമിക്കാൻ പദ്ധതിയിടുകയായിരുന്നു. പള്ളിപ്പുറം മുതൽ നെയ്യാറ്റിൻകരവരെ രണ്ടുഘട്ടങ്ങളിലായാകും തിരുവനന്തപുരം മെട്രോ നിർമിക്കുക.

 

പള്ളിപ്പുറം, പള്ളിച്ചൽ എന്നിവിടങ്ങളിലാണ് ഫീൽഡ് സർവേ തുടങ്ങിയിരിക്കുന്നത്. 41 കിലോമീറ്ററിൽ ലേസർ സർവേയാണ് നടത്തുക. മൂന്ന് മാസത്തിനകം ഡിപിആർ തയ്യാറാക്കാൻ കൊച്ചി മെട്രോ ലിമിറ്റഡാണ് ഡിഎംആർസിയെ ചുമതലപ്പെടുത്തിയത്. ജനുവരിയിൽ ഡിപിആർ സർക്കാരിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

 

പള്ളിപ്പുറത്ത് നിന്ന് പള്ളിച്ചൽവരെ ഒന്നാംഘട്ടവും, പള്ളിച്ചൽ മുതൽ നെയ്യാറ്റിൻകരവരെ രണ്ടാംഘട്ടവും നടപ്പാക്കണമെന്നാണ് പദ്ധതി ശുപാർശ ചെയ്യുന്നത്. പള്ളിപ്പുറത്തുനിന്ന് ആരംഭിച്ച് കരമന, നേമം വഴി പള്ളിച്ചൽ വരെയും കഴക്കൂട്ടത്ത് നിന്ന് ഈഞ്ചയ്ക്കൽ വഴി കിള്ളിപ്പാലത്തേക്കും രണ്ട് ഇടനാഴികൾക്ക് ശുപാർശയുണ്ട്.

 

ടെക്‌നോസിറ്റി, പള്ളിപ്പുറം, കണിയാപുരം, കഴക്കൂട്ടം ജങ്ഷൻ, കാര്യവട്ടം, ഗുരുമന്ദിരം, പാങ്ങപ്പാറ, ശ്രീകാര്യം, പോങ്ങുംമൂട്, ഉള്ളൂർ, കേശവദാസപുരം, പട്ടം, പ്ലാമൂട്, പാളയം, തമ്പാലാനോർ, എന്നിവിടങ്ങളിലാണ് നിലവിൽ സ്റ്റേഷനുകൾ പദ്ധതിയിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here