യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ബൈഡനെ ടെൽ അവീവ് വിമാനത്താവളത്തിൽ സ്വീകരിച്ചു. ജോ ബൈഡൻ ഇസ്രയേലിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ ഹമാസ് ഐഎസിനേക്കാൾ അപകടകാരികളാണെന്ന് ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഐസിന്റെ പാത പിന്തുടരുകയാണ് ഹമാസെന്നും അദ്ദേഹം ആരോപിച്ചു.
ഇസ്രയേലിലെത്തിയ ബൈഡൻ മറ്റു നേതാക്കളുമായി ചർച്ച ചെയ്ത് മാനുഷികമായ പിന്തുണ ഗാസയ്ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് സെക്യൂരിറ്റി കൗൺസിൽ കോഓഡിനേറ്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ജോൺ കിർബി അറിയിച്ചു.
പ്രാദേശിക നേതാക്കൻമാരുമായും ചർച്ച നടത്തി തടവിലാക്കപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് മടക്കി അയയ്ക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. പ്രശ്നം കൂടുതൽ വഷളാകുന്നതിന് യുഎസ് ആഗ്രഹിക്കുന്നില്ല. ഇസ്രയേൽ നടത്തുന്ന പോരാട്ടത്തെ ഉത്തേജിപ്പിക്കുന്നതിന് യാതൊരു നീക്കവുമില്ല. ആക്രമണം തടയുന്നതിനാണ് ശ്രമിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ്, ജോർദാന‍് രാജാവ് എന്നിവരുമായി ഇതിനകം ചർച്ച നടത്തി. തടവുകാരായി പിടിച്ചുകൊണ്ടുപോയ യുഎസ് പൗരൻമാരെ മോചിപ്പിക്കുക എന്നത് ബൈഡന്റെ പ്രധാന ലക്ഷ്യമാണെന്നും ജോൺ കിർബി പറഞ്ഞു