വിടപറഞ്ഞ നടൻ കുണ്ടറ ജോണിയെ അനുസ്മരിച്ച് മമ്മൂട്ടി. പ്രിയ സുഹൃത്ത് ജോണിക്ക് ആദരാഞ്ജലികളെന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. സിനിമ മേഖലയിൽ നിന്നുള്ള നിരവധി പേർ നടന് ആദരാഞ്ജലികൾ നേർന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. വിടപറഞ്ഞത് തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളെയാണെന്നും നിരവധി സിനിമകളിൽ തന്റെ വില്ലനായി അഭിനയിച്ചുവെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ പച്ചമനുഷ്യനായിരുന്നു അദ്ദേഹമെന്നുമാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാത്രി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നടന്റെ അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച താരം വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. ജോണിയുടെ ആദ്യ ചിത്രം 1979ൽ പുറത്തിറങ്ങിയ നിത്യവസന്തം ആണ്. കിരീടം, ചെങ്കോൽ, ആറാം തമ്പുരാൻ, ഗോഡ്ഫാദർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. മേപ്പടിയാൻ ആണ് അവസാന ചിത്രം.