മൂന്നാമതും ഭരണത്തിലെത്താൻ കഴിയില്ലെന്നതിന്റെ വെപ്രാളത്തിലാണ് ബിജെപി സർക്കാർ ഇഡിയെ കയറൂരി വിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

0

കണ്ണൂർ: മൂന്നാമതും ഭരണത്തിലെത്താൻ കഴിയില്ലെന്നതിന്റെ വെപ്രാളത്തിലാണ് ബിജെപി സർക്കാർ ഇഡിയെ കയറൂരി വിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലിരിക്കുന്ന നാല് സംസഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം ഒരേസമയം ഇഡി റെയ്ഡ് നടന്നത്. പുതിയ സാഹചര്യത്തിൽ ബിജെപി എങ്ങിനെ പ്രതികരിക്കുമെന്നതിന്റെ സൂചനയാണിതെന്നും പിണറായി പറഞ്ഞു. ധർമടം മണ്ഡലത്തിൽ എൽഡിഎഫ് കുടുംബസംഗമങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാമത്തെ തവണയും ബിജെപി അധികാരത്തിലെത്തുന്നത് അപരിഹാര്യമായ ആപത്താണെന്ന വസ്തുത പൊതുവെ രാജ്യത്തെ ജനങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ഈ ആപത്ത് ഒഴിവാക്കേണ്ടതാണെന്ന പൊതുനിലപാടിലാണ് എല്ലാവരും. മതനിരപേക്ഷത ആഗ്രഹിക്കുന്നവർ ചേറന്നുള്ള കൂട്ടായ്മ വന്നത് അതിനാണ്. തുടർഭരണം ബിജെപിയുടെ കൈകളിൽ എത്താതിരിക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്. ഈ കൂട്ടായ്മ ശക്തിപ്പെടുത്താനുള്ള ചർച്ചകളാണ് രാജ്യത്തെങ്ങും. ഇനിയൊരു ടേം അസാധ്യമാണെന്ന തിരിച്ചറിവ് ബിജെപിക്കുമുണ്ട്. അത് കൂടുതൽ ആപൽക്കരമായ നീക്കങ്ങളിലേക്ക് അവരെ പ്രേരിപ്പിക്കും.

സമീപദിവസങ്ങളിലെ റെയ്ഡ് അടക്കമുള്ള സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്. ഇനിയും കൂടുതൽ ഇത്തരം നീക്കങ്ങൾ പ്രതീക്ഷിക്കാം. അതേസമയം ഏതെങ്കിലും ബിജെപിയിതരരെ തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചിട്ടും കാര്യമില്ലെന്നതും ഓർക്കണം. അത് സംഘപരിവാർ മനസുള്ളവരാകരുത്. മതനിരപേക്ഷതയ്ക്കുവേണ്ടി ഉറച്ച മനസോടെ നിലകൊള്ളുന്നവരും വർഗീയതയെ ചെറുക്കുന്നവരുമാകണം. കോൺഗ്രസിന് ഒരിക്കലും ഇക്കാര്യത്തിൽ തീർച്ചയും മൂർച്ചയുമുള്ള നിലപാട് എടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply