കലിതുള്ളി , പെരുമഴ , അഞ്ചുദിവസം കൂടി കനത്തമഴ

0


തിരുവനന്തപുരം: വൈകി സജീവമായ കാലവര്‍ഷം രൗദ്രഭാവം പൂണ്ടതോടെ സംസ്‌ഥാനത്ത്‌ അതീവജാഗ്രത. അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം തുറന്നു. ഏഴ്‌ ജില്ലകളില്‍ ദേശീയ ദുരന്തപ്രതികരണസേന സജ്‌ജം. അടുത്ത അഞ്ചുദിവസം കൂടി വ്യാപകവും അതിശക്‌തവുമായ മഴയ്‌ക്കു സാധ്യത.
ഇന്ന്‌ ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ്‌ അലെര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ ഓറഞ്ച്‌ അലെര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌.
കോഴിക്കോട്‌ ജില്ലയില്‍ കേന്ദ്ര കാലാവസ്‌ഥാവകുപ്പ്‌ ഓറഞ്ച്‌ അെലര്‍ട്ടാണു പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ്‌ അെലര്‍ട്ടിന്‌ സമാനമായ അതിതീവ്രമഴ (മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍) ലഭിക്കാന്‍ സാധ്യതയുണ്ട്‌. കഴിഞ്ഞ ഞായര്‍ രാത്രി മുതലാണു സംസ്‌ഥാനത്തു മഴ ശക്‌തമായത്‌. ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിനു മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ വ്യാഴാഴ്‌ചവരെ ശക്‌തവും അതിശക്‌തവുമായ മഴയ്‌ക്കു സാധ്യതയെന്നാണു കാലാവസ്‌ഥാവകുപ്പിന്റെ മുന്നറിയിപ്പ്‌. തെക്കന്‍ മഹാരാഷ്‌ട്ര മുതല്‍ കേരളതീരം വരെ തീരദേശ ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നതും കാലവര്‍ഷപ്പാത്തി തെക്കുഭാഗത്തേക്കു മാറിയതും മഴയ്‌ക്ക്‌ അനുകൂലസാഹചര്യമൊരുക്കുന്നു. ജില്ലാ, താലൂക്ക്‌ തലങ്ങളില്‍ അടിയന്തര ദൗത്യകേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇടുക്കി, പത്തനംതിട്ട , മലപ്പുറം, വയനാട്‌, കോഴിക്കോട്‌, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലാണു ദേശീയ ദുരന്തപ്രതികരണസേനയെ വിന്യസിച്ചത്‌.

മഴയാണ്‌, ഇവ അരുത്‌

ജലനിരപ്പുയരാന്‍ സാധ്യതയുള്ളതിനാല്‍ കുളിക്കാനോ മുറിച്ചുകടക്കാനോ മീന്‍പിടിക്കാനോ മറ്റ്‌ ആവശ്യങ്ങള്‍ക്കോ നദികളില്‍ ഇറങ്ങരുത്‌.
മലയോരമേഖലകളിലേക്കു രാത്രിസഞ്ചാരം പരമാവധി ഒഴിവാക്കണം.
കടലാക്രമണസാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ അധികൃതരുടെ നിര്‍ദേശാനുസരണം അപകടമേഖലകളില്‍നിന്നു മാറിത്താമസിക്കണം.
ബീച്ച്‌ സന്ദര്‍ശനവും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം.
കേരളം, കര്‍ണാടക, ലക്ഷദ്വീപ്‌ തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുത്‌.

എറണാകുളം ജില്ലയില്‍ ഇന്ന്‌ അവധി

കൊച്ചി: കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന്‌ എറണാകുളം ജില്ലയില്‍ പ്രഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും ജില്ലാ കലക്‌ടര്‍ ഇന്ന്‌ അവധി പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here