പെണ്‍ സുഹൃത്തിന്റെ പഴ്‌സില്‍ മയക്കുമരുന്ന്‌ ഒളിപ്പിച്ച്‌ കുടുക്കാന്‍ ശ്രമം; യുവാവ്‌ പിടിയില്‍

0


കട്ടപ്പന: പെണ്‍ സുഹൃത്തിന്റെ പഴ്‌സില്‍ മയക്കുമരുന്ന്‌ ഒളിപ്പിച്ച്‌ എക്‌സൈസില്‍ വിളിച്ചുപറഞ്ഞു കുടുക്കാന്‍ ശ്രമിച്ച യുവാവ്‌ കട്ടപ്പനയില്‍ പിടിയില്‍. ഉപ്പുതറ കണ്ണമ്പടി പണത്തോട്ടത്തില്‍ ജയനാ (38)ണ്‌ അറസ്‌റ്റിലായത്‌. യുവതിയുടെ പഴ്‌സില്‍ 300 മില്ലിഗ്രാം എം.ഡി.എം.എ. ഒളിപ്പിച്ചശേഷം എക്‌സൈസില്‍ വിവരം അറിയിച്ചു കുടുക്കാനായിരുന്നു ശ്രമം.
മേരികുളം സ്വദേശിയായ പെണ്‍ സുഹൃത്തുമായി രണ്ടിന്‌ ഉച്ചകഴിഞ്ഞു ജയന്‍ കട്ടപ്പനയിലെ ലോഡ്‌ജില്‍ മുറിയെടുത്തു. തന്റെ വീട്ടിലേക്കു കൊണ്ടുപോകാമെന്നു വിശ്വസിപ്പിച്ചാണ്‌ ഇയാള്‍ യുവതിയെ കട്ടപ്പനയിലെത്തിച്ചത്‌. ഇന്നലെ രാവിലെ യുവതി ശൗചാലയത്തില്‍ കയറിയ തക്കംനോക്കി പഴ്‌സില്‍ മയക്കുമരുന്ന്‌ ഒളിപ്പിച്ച്‌ ഇയാള്‍ മുങ്ങി. പഴ്‌സിലിരുന്ന രണ്ടായിരം രൂപയും ജയന്‍ കൈക്കലാക്കി.
രാവിലെ 10.20 നു കട്ടപ്പന എക്‌സൈസ്‌ റേഞ്ച്‌ ഓഫീസിലെ ലാന്‍ഡ്‌ ഫോണില്‍ വിളിച്ചു സംഗീത ജങ്‌ഷനിലെ ലോഡ്‌ജില്‍ താമസിക്കുന്ന യുവതിയുടെ പഴ്‌സില്‍ മയക്കുമരുന്നുണ്ടെന്നു പറഞ്ഞു. എക്‌സൈസ്‌ സംഘം ലോഡ്‌ജിലെത്തി പരിശോധിച്ചപ്പോള്‍ എം.ഡി.എം.എ. കണ്ടെത്തി. യുവതിയെ കൂടുതല്‍ ചോദ്യംചെയ്‌തപ്പോഴാണ്‌ ജയനും ഒപ്പമുണ്ടായിരുന്നെന്നു വ്യക്‌തമായത്‌. ജയന്റെ ഫോണ്‍ നമ്പര്‍ പരിശോധിച്ചതോടെ വിവരം തന്നയാളും യുവതിക്കൊപ്പമുണ്ടായിരുന്നയാളും ഒരാളാണെന്നു തെളിഞ്ഞു. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഉച്ചയോടെ ജയനെ പഴയ ബസ്‌ സ്‌റ്റാന്‍ഡില്‍നിന്നു കസ്‌റ്റഡിയിലെടുത്തു.
രണ്ടു മാസമായി പൊന്‍കുന്നത്തായിരുന്നു ഇരുവരും ഒരുമിച്ചു കഴിഞ്ഞിരുന്നത്‌. യുവതിയെ ഒഴിവാക്കുന്നതിനാണ്‌ മയക്കുമരുന്ന്‌ ഉപയോഗിച്ചു കുടുക്കാന്‍ ശ്രമിച്ചതെന്നു പ്രതി മൊഴിനല്‍കി. ആറു മാസം മുമ്പു ഫെയ്‌സ്‌ ബുക്ക്‌ വഴിയാണ്‌ പ്രതിയുമായി യുവതി പരിചയത്തിലായത്‌. ഇയാള്‍ ലഹരിവസ്‌തുക്കള്‍ ഉപയോഗിക്കാറുണ്ടായിരുന്നെന്നു യുവതി എക്‌സൈസ്‌ ഉദ്യോഗസ്‌ഥരോടു പറഞ്ഞു.
പഴ്‌സില്‍ ഒളിപ്പിച്ച എം.ഡി.എം.എ. ചേര്‍ത്തലയില്‍നിന്നാണ്‌ ജയന്‍ വാങ്ങിയത്‌. ഇയാള്‍ക്കെതിരേ കഞ്ചാവ്‌ കൈവശംവച്ചതിന്‌ ഉള്‍െപ്പടെ എക്‌സൈസ്‌ മുമ്പു കേസെടുത്തിട്ടുണ്ട്‌.
എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ പി.കെ. സുരേഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ്‌ ഓഫീസര്‍ അബ്‌ദുള്‍ സലാം, ഗ്രേഡ്‌ പ്രിവന്റീവ്‌ ഓഫീസര്‍ സജിമോന്‍ ജി. തുണ്ടത്തില്‍, ഉദ്യോഗസ്‌ഥരായ എം.സി. സാബു, പി.കെ. ബിജുമോന്‍, ഷീന തോമസ്‌, കെ.ജെ. ബിജി എന്നിവരാണ്‌ പ്രതിയെ പിടികൂടിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here