കേരളം പനിക്കിടക്കയില്‍; ജീവനക്കാരില്ലാതെ ആരോഗ്യവകുപ്പ്‌

0


മൂവാറ്റുപുഴ : സംസ്‌ഥാനം പനിക്കിടക്കയില്‍ ശ്വാസം മുട്ടുമ്പോഴും ആരോഗ്യ മേഖലയില്‍ ഉന്നത ഉദ്യോഗസ്‌ഥരുടെ തസ്‌തികകള്‍ ഒഴിഞ്ഞ്‌ കിടക്കുന്നത്‌ കൊതുക്‌ നിര്‍മാര്‍ജനം അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളംതെറ്റിച്ചു.
കൊതുകുജന്യ രോഗങ്ങള്‍ പടരാതിരിക്കാന്‍ മുന്‍ കരുതല്‍ നടപടി സ്വീകരിക്കേണ്ട ജില്ലാ വെക്‌ടര്‍ കണ്‍ട്രോള്‍ പ്രോഗ്രാം ഓഫീസര്‍മാരുടെ തസ്‌തിക ഒഴിഞ്ഞ്‌ കിടക്കുന്നതു 9 ജില്ലകളില്‍. 14 ജില്ലകളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കേണ്ട വെക്‌ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ ഉണ്ടെങ്കിലും 11 ലും ബയോളജിസ്‌റ്റ്‌ തസ്‌തികകള്‍ ഒഴിഞ്ഞ്‌ കിടക്കുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസുകളിലെ റൂറല്‍ ഹെല്‍ത്ത്‌ ഓഫീസര്‍മാരുടെ 23 തസ്‌തികകളും ബ്ലോക്ക്‌ തലത്തില്‍ 76 ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍മാരുടെ തസ്‌തികകളും പഞ്ചായത്ത്‌ തലത്തില്‍ 122 ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരുടെ തസ്‌തികകളും ഒഴിഞ്ഞ്‌ കിടക്കുകയാണ്‌.
ഡെങ്കിപ്പനി നിരവധി ജീവനുകള്‍ അപഹരിച്ചെങ്കിലും ആവശ്യമായ ജീവനക്കാരെ നിയമിച്ച്‌ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പിനു കഴിഞ്ഞില്ല. ഡെങ്കി പരത്തുന്ന കൊതുക്‌ നിവാരണത്തിന്‌ ജില്ലാ തലത്തില്‍ നേതൃത്വം നല്‍കേണ്ട ഉദ്യോഗസ്‌ഥനാണ്‌ വെക്‌ടര്‍ കണ്‍ട്രോള്‍ പ്രോഗ്രാം ഓഫീസര്‍. ശാസ്‌ത്രീയമായി കൊതുക്‌ നിവാരണമാണ്‌ വെക്‌ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ ലക്ഷ്യമിടുന്നത്‌. ഇവയുടെ പ്രവര്‍ത്തനം താളം തെറ്റിയതോടെ ജില്ലാ തലത്തില്‍ കൊതുക്‌ നിവാരണത്തിന്‌ ആസൂത്രണമോ മേല്‍നോട്ടമോ ഇല്ലാതായി. യൂണിറ്റുകള്‍ വഴി വിതരണം ചെയ്യേണ്ട മലത്തിയോണ്‍, അബെറ്റ്‌, ജൈവകൂത്താടി നാശിനികള്‍, റിപ്ലേലന്റുകള്‍, മെഷീനുകള്‍ തുടങ്ങിയവ സംഭരിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.
തദ്ദേശ സ്‌ഥാപനങ്ങള്‍ പ്രാദേശികമായി ഇത്തരം വസ്‌തുക്കള്‍ വാങ്ങാന്‍ വാര്‍ഡ്‌ ഒന്നിന്‌ 20,000 രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ഉദ്യോഗസ്‌ഥരില്ലാതെ വന്നതോടെ പ്രവര്‍ത്തനം കാര്യക്ഷമമായില്ല. പഞ്ചായത്തുകളില്‍ ആവശ്യത്തിന്‌ ഫോഗിങ്‌ മെഷീനുകള്‍ ലഭ്യമാക്കിയിട്ടില്ല. ഉള്ളവയാകട്ടെ പ്രവര്‍ത്തനരഹിതവും. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുമായി ബന്ധപ്പെട്ടു പരിസര ശുചീകരണം, കൊതുക്‌ നശീകരണം തുടങ്ങിയവയ്‌ക്കു പദ്ധതി തയാറാക്കുകയും ആശാ പ്രവര്‍ത്തരെയടക്കം ഏകോപിപ്പിക്കുകയും ചെയ്യേണ്ട ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍മാരുടേയും ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരുടേയും കുറവും തിരിച്ചടിക്കു കാരണമായി.
ഉദ്യോഗസ്‌ഥരുടെ കുറവ്‌ നികത്തുന്നതിന്‌ കഴിഞ്ഞ 19 ന്‌ നടന്ന സംസ്‌ഥാന തല അവലോകന യോഗത്തില്‍ കുറുക്കുവഴികള്‍ സ്വീകരിക്കുകയായിരുന്നുവെന്നും ആക്ഷേപം ഉയരുന്നു. സര്‍വീസില്‍ നിന്നും വിരമിച്ചവരെ അഡ്‌ഹോക്ക്‌ നിയമനം നടത്താനായിരുന്നു നിര്‍ദേശം. ഇതോടെ പ്രമോഷനും മറ്റും പ്രതീക്ഷിച്ചിരുന്ന ഉദ്യോഗസ്‌ഥരും പ്രവര്‍ത്തനങ്ങളോട്‌ മുഖം തിരിച്ചു.
ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ തസ്‌തികയില്‍ പി.എസ്‌.ഇ. റാങ്ക്‌ ലിസ്‌റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും തീരുമാനം തിരിച്ചടിയായി

LEAVE A REPLY

Please enter your comment!
Please enter your name here