നവദമ്പതികളുടെ തല കൂട്ടിയിടിച്ച സംഭവം: അയല്‍വാസി അറസ്‌റ്റില്‍

0


പാലക്കാട്‌ : പല്ലശനയില്‍ വിവാഹത്തോടനുബസിച്ച ആചാരമെന്നു പറഞ്ഞു നവദമ്പതികളുടെ തല കൂട്ടിയിടിച്ച സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
പല്ലശന തെക്കുംപുറം സ്വദേശി ലക്ഷ്‌മണനെ(സുഭാഷി-37)യാണു കൊല്ലങ്കോട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്‌ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ ഇയാള്‍ക്കെതിരേ കേസെടുത്തതെന്നു കൊല്ലങ്കോട്‌ ഇന്‍സ്‌പെക്‌ടര്‍ എ. വിപിന്‍ദാസ്‌ പറഞ്ഞു.
പല്ലശന തെക്കുംപുറം സ്വദേശിയായ സച്ചിന്റെയും കോഴിക്കോട്‌ മുക്കം സ്വദേശിനിയായ സജ്‌ലയുടെയും വിവാഹശേഷം വരന്റെ വീട്ടിലേക്ക്‌ കയറുന്നതിനു തൊട്ടുമുമ്പാണ്‌ പിന്നിലൂടെ എത്തിയ സുഭാഷ്‌ ഇരുവരുടെയും തലകള്‍ പിടിച്ച്‌ ബലമായി കൂട്ടിയിടിച്ചത്‌. വേദനമൂലം സജ്‌ല കരഞ്ഞുകൊണ്ടാണ്‌ വരന്റെ വീട്ടിലേക്ക്‌ ആദ്യമായി കയറിയത്‌. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
അതിനിടയില്‍ ഇത്‌ നാട്ടാചാരമാണെന്ന വിധത്തിലും പ്രചരണമുണ്ടായി. എന്നാല്‍ ഇത്തരമൊരു ആചാരം പ്രദേശത്തില്ലെന്നു നാട്ടുകാരും പറഞ്ഞു. വനിതാ കമ്മിഷന്‍ നിര്‍ദേശപ്രകാരം നവദമ്പതികളുടെ മൊഴി രേഖപ്പെടുത്തിയാണു പോലീസ്‌ കേസെടുത്തത്‌.
തുടര്‍ന്ന്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജാമ്യവ്യവസ്‌ഥയില്‍ വിട്ടയച്ചു. ഇനി ആര്‍ക്കും ഇങ്ങനെ ദുരനുഭവം ഉണ്ടാവരുതെന്നാണു സജ്‌ലയുടെയും സച്ചിന്റെയും നിലപാട്‌.

LEAVE A REPLY

Please enter your comment!
Please enter your name here