തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്‌മിഷന്റെ പേരിൽ കബളിപ്പിക്കൽ; ഇത് അസാധാരണ തട്ടിപ്പ്

0


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനത്തിന് പ്രവേശനം ലഭിച്ചതായി വ്യാജ ഇമെയിൽ സന്ദേശമയച്ചും ഓൺലൈനിൽ ക്ലാസ് നടത്തിയും തട്ടിപ്പ്.

സന്ദേശം വിശ്വസിച്ച് ആറുമാസം ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത മൂന്നാർ സ്വദേശിയായ പെൺകുട്ടി തട്ടിപ്പു തിരിച്ചറിഞ്ഞത് മെഡിക്കൽ കോളജിൽ നേരിട്ടുപോയപ്പോൾ. ഇമെയിൽ വിലാസം, പണം ഓൺലൈനായി കൈമാറിയ മൊബൈൽ നമ്പർ എന്നിവ സഹിതം പെൺകുട്ടിയുടെ മാതാപിതാക്കൾ മൂന്നാർ പൊലീസിൽ പരാതി നൽകി. സമാനതകളില്ലാത്ത തട്ടിപ്പാണ് നടന്നത്.

മൂന്നാറിലെ സ്വകാര്യ സ്‌കൂളിൽ നിന്ന് പ്ലസ്ടുവിന് ഉന്നതവിജയം നേടിയ പെൺകുട്ടി 2022ലെ നീറ്റ് പരീക്ഷയിലും ഉയർന്ന മാർക്ക് നേടിയിരുന്നു. സംവരണവിഭാഗത്തിൽപെട്ട കുട്ടി വിവിധ മെഡിക്കൽ കോളജുകളിൽ അപേക്ഷ നൽകി. പ്രവേശന നടപടികൾ പൂർത്തിയായി സീറ്റ് ലഭിച്ചതായി തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പേരിൽ പെൺകുട്ടിക്ക് ഇമെയിൽ സന്ദേശം ലഭിച്ചു. 25,000 രൂപ ഫീസായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ആദ്യ ഗഡുവായി 10,000 രൂപ ഗൂഗിൾ പേ വഴി അടച്ചു. അങ്ങനെ പണം പോയി.

2022 നവംബറിൽ ഓൺലൈൻ ക്ലാസ് ആരംഭിച്ചു. 2 സ്ത്രീകളും ഒരു പുരുഷനുമായിരുന്നു ക്ലാസുകളെടുത്തിരുന്നത്. കോളജിൽ വരാൻ നിർദേശിച്ച് 3 പ്രാവശ്യം ഇമെയിൽ വന്നു. പിന്നീടു വരേണ്ട എന്ന സന്ദേശം ലഭിച്ചു. ജൂൺ 24നു മെഡിക്കൽ കോളജിൽ നേരിട്ടു ഹാജരാകാനാവശ്യപ്പെട്ടു വീണ്ടും സന്ദേശം ലഭിച്ചു. പിന്നീട് വരേണ്ട എന്ന അറിയിപ്പും കിട്ടി. ഇതോടെയാണ് സംശയമായത്.

അന്നു തന്നെ തിരുവനന്തപുരത്തേക്കു തിരിച്ചു. 24നു കോളജിലെത്തി പ്രിൻസിപ്പലിനെ കണ്ടപ്പോഴാണു തട്ടിപ്പു തിരിച്ചറിയുന്നത്. മെഡിക്കൽ കോളജിലെ അതേ ക്ലാസുകളാണ് ഓൺലൈനായി പെൺകുട്ടി ആറുമാസം പഠിച്ചതെന്നു പ്രിൻസിപ്പൽ അറിയിച്ചതായി പരാതിയിൽ പറയുന്നു. ഇതും ദുരൂഹമാണ്. ഗൂഗിൾ പേ നമ്പറിലൂടെ പ്രതികളെ കണ്ടെത്താമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here