ബ്യൂട്ടിപാര്‍ലര്‍ ഉടമയ്‌ക്കു കള്ളക്കേസില്‍ ജയില്‍വാസം , എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടറെ സസ്‌പെന്‍ഡ്‌ ചെയ്‌തു

0


തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസില്‍ കുടുക്കി 72 ദിവസം ജയിലിലടച്ച സംഭവത്തില്‍ ഇരിങ്ങാലക്കുട എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ. സതീശനെ സസ്‌പെന്‍ഡ്‌ ചെയ്‌തു.
എക്‌സൈസ്‌ കമ്മിഷണറാണ്‌ സസ്‌പെന്‍ഷന്‌ ഉത്തരവിട്ടത്‌. അതിനിടെ ഷീലയുടെ ബാഗില്‍ പൊതി വച്ചുവെന്ന്‌ സംശയിക്കുന്ന ബന്ധു ഒളിവില്‍ പോയതായി സൂചന. ഇയാളുടെ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത നിലയിലാണ്‌. ബംഗളുരുവില്‍ ജോലി ചെയ്യുന്നയാളെയാണ്‌ സംശയിക്കുന്നത്‌. ബംഗളുരുവിലുള്ള ബന്ധുക്കളാണ്‌ തന്നെ കുടുക്കാന്‍ ശ്രമിച്ചതെന്ന്‌ ഷീല നേരത്തെ പറഞ്ഞിരുന്നു.
ഷീലയുടെ ബാഗില്‍നിന്ന്‌ കണ്ടെടുത്തത്‌ ലഹരി സ്‌റ്റാമ്പ്‌ അല്ലെന്ന്‌ ലാബ്‌ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കേസില്‍ കുടുക്കിയതിന്‌ ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന്‌ ഷീലയെ ഫോണില്‍ വിളിച്ച്‌ മന്ത്രി എം.ബി. രാജേഷ്‌ ഉറപ്പുനല്‍കി. ഷീല നിരപരാധിയാണെന്ന്‌ കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
എക്‌സൈസ്‌ ൈക്രംബ്രാഞ്ചിന്റെ അന്വേഷണത്തിനുശേഷം ഉദ്യോഗസ്‌ഥനെതിരേ കടുത്ത നടപടി എടുക്കുമെന്ന്‌ എക്‌സൈസ്‌ അധികൃതരും വ്യക്‌തമാക്കി. കേസില്‍നിന്നൊഴിവാക്കാന്‍ ഹൈക്കോടതിയില്‍ ഷീല ഇന്ന്‌ അപേക്ഷ സമര്‍പ്പിക്കും. കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്‌ഥനെതിരേ മാനനഷ്‌ടക്കേസും നല്‍കിയേക്കും. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. തൃശൂര്‍ ജില്ലാ പോലീസ്‌ മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here