കൊച്ചി: വേനലവധിക്കാലത്തെ തിരക്ക് പരിഗണിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി. ആഴ്ചയിലുള്ള 1628 സര്‍വീസിനുപുറമെ 60 സര്‍വീസുകൂടി ആരംഭിച്ചു. റാഞ്ചി, ചണ്ഡീഗഢ്, വാരാണസി, റായ്പുര്‍, ലഖ്നൗ എന്നിവിടങ്ങളിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസുകള്‍ക്ക് തുടക്കമായി. എയര്‍ ഇന്ത്യ എക്പ്രസ് ആഴ്ചയില്‍ ആറു സര്‍വീസുകളാണ് കൊല്‍ക്കത്തയിലേക്ക് നടത്തുന്നത്. പുനെയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസും റാഞ്ചി, ബാഗ്ദോഗ്ര എന്നിവിടങ്ങളിലേക്ക് എയര്‍ ഏഷ്യയും പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു.
രാജ്യത്തെ മെട്രോ നഗരങ്ങളിലേക്കുള്ള സര്‍വീസുകളും സിയാല്‍ വര്‍ധിപ്പിച്ചു. ബംഗളൂരുവിലേക്കുമാത്രം ആഴ്ചയില്‍ 20 സര്‍വീസുണ്ട്. ഡല്‍ഹിയിലേക്ക് 13ഉം മുംബൈയിലേക്ക് 10ഉം സര്‍വീസ് ഉണ്ട്. ലക്ഷദ്വീപിലേക്ക് മെയ് ഒന്നിന് ഇന്‍ഡിഗോ ദിവസ സര്‍വീസുകള്‍ ആരംഭിച്ചു. കോഴിക്കോട്–കൊച്ചി–അഗത്തി–കൊച്ചി മേഖലയില്‍ നടത്തുന്ന ഈ സര്‍വീസിന് മികച്ച പ്രതികരണമാണ്.അലയന്‍സ് എയര്‍ അഗത്തിയിലേക്ക് 10 സര്‍വീസ് ആഴ്ചയില്‍ നടത്തുന്നുണ്ട്. ചെന്നൈ, ഗോവ, ഹൈദരാബാദ്, കണ്ണൂര്‍, തിരുവനന്തപുരം, സേലം, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ട്. വിനോദസഞ്ചാരികളുടെ വര്‍ധന പരിഗണിച്ച് ബാങ്കോക്ക്, കോലാലംപുര്‍, സിംഗപ്പുര്‍, ഹോചിമിന്‍ സിറ്റി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. തായ് എയര്‍വേസ് മൂന്നു സര്‍വീസുകള്‍ കൂടി ആരംഭിച്ചതോടെ ബാങ്കോക്കിലേക്ക് കൊച്ചിയില്‍നിന്നുള്ള ആഴ്ച സര്‍വീസുകളുടെ എണ്ണം പതിമൂന്നായി. തായ് എയര്‍ സുവര്‍ണഭൂമി വിമാനത്താവളത്തിലേക്കും എയര്‍ ഏഷ്യ, ലയണ്‍ എയര്‍ എന്നിവ ഡോണ്‍ മുവാങ് വിമാനത്താവളത്തിലേക്കുമാണ് സര്‍വീസ് നടത്തുന്നത്. സിംഗപ്പുരിലേക്ക് 14ഉം കോലാലംപുരിലേക്ക് 22ഉം സര്‍വീസുകളായി. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ആഴ്ച സര്‍വീസുകളുടെ എണ്ണം മൂന്നില്‍നിന്ന് നാലായി ഉയര്‍ത്തും.