നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

0

കൊച്ചി: പ്രസവിച്ചയുടന്‍ പനമ്പിള്ളിനഗര്‍ വിദ്യാ നഗറിലെ ഫ്‌ലാറ്റില്‍നിന്നു മാതാവു താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചു പൊലീസ്. കുഞ്ഞിന്റെ അമ്മയും കേസിലെ പ്രതിയുമായ യുവതി പീഡനത്തിന് ഇരയായാണു ഗര്‍ഭിണിയായത് എന്ന സംശയത്തെ തുടര്‍ന്നാണിത്. നിലവില്‍ ആര്‍ക്കുമെതിരെ യുവതി മൊഴി നല്‍കിയിട്ടില്ലെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ ആരുടെയെങ്കിലും പേരു വെളിപ്പെടുത്തിയാല്‍ ഡിഎന്‍എ പരിശോധന വേണ്ടി വന്നേക്കാം എന്നതു മുന്നില്‍ക്കണ്ടാണു പൊലീസിന്റെ നടപടി.

വെള്ളിയാഴ്ച രാവിലെയാണു യുവതി കുഞ്ഞിനെ സ്വന്തം ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്നു താഴേക്കു വലിച്ചെറിഞ്ഞത്. കൊലക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിക്കു ഗുരുതരമായ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്നു വെള്ളിയാഴ്ച രാത്രി വൈകി നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. വൈദ്യസഹായം ഇല്ലാതെ ശുചിമുറിയില്‍ പ്രസവിച്ചതിനെ തുടര്‍ന്നാണ് യുവതിക്ക് അണുബാധ ഉണ്ടായതെന്നാണു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

ഇന്നലെ മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ യുവതിയോടു സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ പിന്‍വാങ്ങി. യുവതിയുടെ മാതാപിതാക്കളില്‍ നിന്നു പൊലീസ് ഇന്നലെയും മൊഴിയെടുത്തു. യുവതി ഗര്‍ഭിണിയായിരുന്നു എന്ന വിവരമോ പ്രസവിച്ചതോ തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് ഇരുവരും പറയുന്നത് വിശ്വസനീയമെന്നാണ് പൊലീസ് കരുതുന്നത്.

പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊല്ലാന്‍ യുവതി ശ്രമിച്ചുവെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ നിന്നുള്ള പൊലീസ് അനുമാനം. കുഞ്ഞിനെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമം നടത്തിയെന്നും ഇതിനിടെ യുവതിയുടെ മാതാവു വാതിലില്‍ മുട്ടിവിളിച്ചതോടെ വെപ്രാളത്തില്‍ കുട്ടിയെ താഴേക്ക് എറിഞ്ഞു എന്നുമാണു നിഗമനം.

യുവതിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനോടു പൊലീസ് അനൗദ്യോഗികമായി വിവരങ്ങള്‍ തേടി. യുവതിയുടെ മൊഴിയോടു പൊരുത്തപ്പെടുന്ന വിവരങ്ങള്‍ തന്നെയാണു യുവാവും പങ്കുവച്ചത്. യുവതി ഗര്‍ഭിണിയായ കാര്യം യുവാവിന് അറിയാമായിരുന്നു. 2 മാസമായി ഇരുവരും തമ്മില്‍ ആശയവിനിമയം ഉണ്ടായിരുന്നില്ലെന്നാണു വിവരം.

യുവതിയുടെ ഫോണ്‍ പൊലീസ് പരിശോധിക്കും. യുവാവ് പീഡിപ്പിച്ചതായി യുവതി ഇതുവരെ മൊഴി നല്‍കിയിട്ടില്ല. ഡാന്‍സറായ ഇയാളെ ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി പരിചയപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

കുട്ടിയുടെ സംസ്‌കാരം പൊലീസ് ഏറ്റെടുത്തേക്കുമെന്ന് സൂചനയുണ്ട്. യുവതിയുടെ ആരോഗ്യം മെച്ചപ്പെട്ടശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ എസ് ശ്യാംസുന്ദര്‍ പറഞ്ഞു. ആരും ഏറ്റെടുത്തില്ലെങ്കില്‍ കൊച്ചി കോര്‍പറേഷന്റെ സഹകരണത്തോടെ സംസ്‌കാരം നടത്താനാണ് ആലോചന.

Leave a Reply