എതിരാളികളുടെ പേടി സ്വപ്‌നമായി ലുസെയ്‌നിലും വിജയ കുതിപ്പ് തുടർന്ന് നീരജ് ചോപ്ര

0

എതിരാളികളുടെ പേടി സ്വപ്‌നമായി ലുസെയ്‌നിലും വിജയ കുതിപ്പ് തുടർന്ന് നീരജ് ചോപ്ര. ഇന്ത്യയുടെ ഭാഗ്യ നക്ഷത്രമായ നീരജ് ലുസെയിനിലും ഇന്ത്യയുടെ യശസ്സ് ഉയർത്തി എതിരാളികളുടെ പേടി സ്വപ്‌നമായി. ലുസെയ്ൻ ഡയമണ്ട് ലീഗിൽ ജാവലിൻത്രോയിൽ 87.66 മീറ്റർ എറിഞ്ഞിട്ടാണ് നീരജ് ചോപ്ര് ഒന്നാംസ്ഥാനം സ്വന്തമാക്കിയത്. ഡയമണ്ട് ലീഗിൽ നിലവിലെ ചാംപ്യനായ നീരജ് ഈ സീസണിലെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഒന്നാംസ്ഥാനം നേടുന്നത്.

പരുക്കിനെത്തുടർന്ന് ഒരുമാസത്തെ ഇടവേളയ്ക്കുശേഷം മത്സരക്കളത്തിലേക്കു തിരിച്ചെത്തിയ നീരജ് ലുസെയിനിലും കളം നിറഞ്ഞാടുകയായിരുന്നു. ഇതോടെ എതിരാളികളുടെ പേടി സ്വപ്‌നമായി മാറി. രണ്ടാംസ്ഥാനം നേടിയ ജർമനിയുടെ ജൂലിയൻ വെബറും (87.03 മീറ്റർ), മൂന്നാംസ്ഥാനം നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജും (86.13 മീറ്റർ) അവസാന നിമിഷംവരെ നീരജിന് വെല്ലുവിളിയുയർത്തി.

ഫൗളിലൂടെ തുടങ്ങിയ നീരജ് രണ്ടാം ശ്രമത്തിൽ 83.5 മീറ്റർ പിന്നിട്ടു. മൂന്നാം ഊഴത്തിൽ 85.04 മീറ്റർ എറിഞ്ഞ് രണ്ടാംസ്ഥാനത്തെത്തിയ ഇന്ത്യ സൂപ്പർതാരം ഒന്നാംസ്ഥാനത്തേക്കു കയറിയത് തന്റെ അഞ്ചാം ഊഴത്തിലെ 87.66 മീറ്റർ പ്രകടനത്തോടെയാണ്.

അതേസമയം പുരുഷ ലോങ്ജംപിൽ മത്സരിച്ച മലയാളി താരം എം.ശ്രീശങ്കർ അഞ്ചാംസ്ഥാനത്തായി. ലോങ്ജംപിൽ കഴിഞ്ഞമാസം നടന്ന ദേശീയ സീനിയർ മീറ്റിൽ 8.41 മീറ്റർ പിന്നിട്ട എം.ശ്രീശങ്കർ ഇന്നലെ നിറംമങ്ങി. മലയാളി താരത്തിന് ഒരു തവണ പോലും 8 മീറ്റർ പിന്നിടാനായില്ല. മൂന്നാം ശ്രമത്തിൽ ചാടിയ 7.88 മീറ്ററായിരുന്നു മത്സരത്തിൽ ശ്രീശങ്കറിന്റെ മികച്ച പ്രകടനം. 8.11 മീറ്റർ ചാടിയ ബഹ്‌റൈനിന്റെ നയീൻ ലാക്വാൻ ഒന്നാംസ്ഥാനവും ഒളിംപിക് ചാംപ്യൻ ഗ്രീസിന്റെ മിൽത്തിയാദിസ് തെന്റഗ്രൂ (8.07 മീറ്റർ) രണ്ടാംസ്ഥാനവും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here