കൊച്ചി: ആലുവ മംഗലപ്പുഴ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ ആദ്യ ആഴ്ച വരെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരുന്നവര്‍ യാത്ര സൗകര്യപ്രദമായി ക്രമീകരിക്കണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. എറണാകുളം ജില്ലയുടെ തെക്ക് ഭാഗത്തു നിന്ന് വിമാനത്താവളത്തിലേക്ക് വരുന്നവര്‍ക്കാണ് മുന്നറിയിപ്പ്.
അറ്റകുറ്റപ്പണിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ കാലടിയില്‍ വന്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. എംസി റോഡില്‍ കാലടിയിലും മറ്റൂരിലും പലപ്പോഴും വാഹനങ്ങള്‍ കെട്ടിക്കിടക്കുകയായിരുന്നു.ഇതേ തുടര്‍ന്ന് എംസി റോഡില്‍ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു. മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍ ഭാര വാഹനങ്ങള്‍ കാലടി, പെരുമ്പാവൂര്‍ വഴി തിരിച്ചു വിടുകയാണ്. പൊതുവേ ഗതാഗതക്കുരുക്കുള്ള കാലടിയിലൂടെയുള്ള ഗതാഗതം സ്തംഭിപ്പിച്ചു. ഈ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.