പത്തനംതിട്ടയിൽ 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്നു; സീരിയൽ നടി ഉൾപ്പെടെ അറസ്റ്റിൽ

0

പത്തനംതിട്ടയിൽ 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്ന കേസിൽ സീരിയൽ നടി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി ( 32 ), സുഹൃത്ത് പരവൂർ കലയ്‌ക്കോട് സ്വദേശി ബിനു (48) എന്നിവരാണ് പിടിയിലായത്.

കേരള സർവ്വകലാശാലാ മുൻ ജീവനക്കാരന്റെ 11 ലക്ഷം രൂപയാണ് ഇരുവരും ചേർന്ന് കവർന്നത്. വീട് വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് നിത്യ 75 കാരനെ പരിചയപ്പെടുന്നത്. വീട് വാടകയ്ക്ക് നിത്യ എടുത്തതോടെ ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തിപ്പെട്ടു. വാടകയ്ക്കെടുത്ത വീട്ടിലേക്ക് വയോധികനെ വിളിച്ചുവരുത്തി. ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം നിത്യയ്ക്കൊപ്പം നിർത്തി അശ്ലീല ഫോട്ടോയെടുത്തുവെന്നാണ് പോലീസ് പറയുന്നത്. ദൃശ്യം പുറത്തുവിടാതിരിക്കണമെങ്കിൽ 25 ലക്ഷം രൂപ നൽകണമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ ആവശ്യം. ഈ പേരിൽ 11 ലക്ഷം രൂപ വരെ തട്ടിയെടുത്തു.

പിന്നാലെ തട്ടിപ്പിനിരയായ വ്യക്തി സംഭവം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസിന്റെ നിർദേശ പ്രകാരം ബാക്കി പണം തരാമെന്ന വ്യാജേന നിത്യയേയും കൂട്ടാളിയേയും 75 കാരൻ പട്ടത്തെ ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി. ഇവിടെ വച്ച് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here