വിമര്‍ശനവുമായി കേരള പോലീസ്‌് അസോ. സംസ്‌ഥാന സമ്മേളനം ‘വിലങ്ങ്‌ വച്ചാല്‍ കുറ്റം, വച്ചില്ലെങ്കില്‍ കുറ്റം’

0


അങ്കമാലി: പ്രതികളെ വിലങ്ങ്‌ വച്ചാല്‍ കുറ്റം, വച്ചില്ലെങ്കില്‍ കുറ്റം എന്ന തരത്തിലാണ്‌ കാര്യങ്ങളെന്ന്‌ കേരള പോലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ സംസ്‌ഥാന സമ്മേളനത്തില്‍ വിമര്‍ശനം. പോലീസിനെ ആക്രമിക്കുന്ന പ്രതികളെ പോലും കൈവിലങ്ങ്‌ വയ്‌ക്കാന്‍ കഴിയാത്ത അവസ്‌ഥയാണെന്നും ഇതിനു മാറ്റം വരണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്താല്‍ അക്രമാസക്‌തരാകുന്നവര്‍ പോലീസിനെ ആക്രമിക്കുന്നത്‌ പതിവായി. ഇത്തരം സന്ദര്‍ഭങ്ങളില്‍പോലും സുരക്ഷ മുന്‍നിര്‍ത്തി കൈവിലങ്ങ്‌ വയ്‌ക്കാന്‍ കഴിയാത്ത അവസ്‌ഥയുണ്ട്‌.
വിഴിഞ്ഞം പോലീസ്‌ സ്‌റ്റേഷന്‍ ആക്രമണത്തിലെ പ്രതികളെ അറസ്‌റ്റ്‌ ചെയ്യാന്‍ കഴിയാത്തത്‌ ദൗര്‍ഭാഗ്യകരമാണെന്നും അസോസിയേഷന്‍ വിലയിരുത്തി. കലാപത്തിനു ഗൂഢാലോചന നടത്തിയവരും നേതൃത്വം നല്‍കിയവരും നടപ്പിലാക്കിയവരും ഉള്‍പ്പെടെ മുഴുവന്‍ കുറ്റവാളികളെയും മാതൃകാപരമായ നടപടികള്‍ക്ക്‌ വിധേയരാക്കണമെന്നും അങ്കമാലി അഡ്‌ലക്‌സ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനം ആവശ്യപ്പെട്ടു.
മതനിരപേക്ഷതയുടെ ഉദാത്ത മാതൃകയാണ്‌ കേരള പോലീസെന്ന്‌ മന്ത്രി പി. രാജീവ്‌ പറഞ്ഞു. അസോസിയേഷന്‍ സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംരഭങ്ങള്‍ വരുന്നതിന്‌ നല്ല ക്രമസമാധാന അന്തരീക്ഷം വേണം. അതിവിടെയുണ്ട്‌. അതുകൊണ്ട്‌ ലോകോത്തര കമ്പനികള്‍ ഇവിടെ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാന കമ്മിറ്റി പ്രസിഡന്റ്‌ ആര്‍. പ്രശാന്ത്‌ അധ്യക്ഷത വഹിച്ചു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: എം.ആര്‍ അജിത്ത്‌കുമാര്‍, ജില്ലാ പോലീസ്‌ മേധാവി വിവേക്‌ കുമാര്‍, കെ.പി.എ സംസ്‌ഥാന പ്രസിഡന്റ്‌ എസ്‌.ആര്‍. ഷിനോദാസ്‌, സി.ആര്‍ ബിജു, പ്രേംജി.കെ.നായര്‍, ജെ.ഷാജി മോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply