പാമ്പുകടിയേറ്റു മരിച്ച ഒന്നര വയസ്സുള്ള മകളുടെ മൃതദേഹം ചുമന്ന് അമ്മ നടന്നത് 6 കിലോമീറ്റര്‍

0

പാമ്പുകടിയേറ്റു മരിച്ച ഒന്നര വയസ്സുള്ള മകളുടെ മൃതദേഹം ചുമന്ന് അമ്മ നടന്നത് 6 കിലോമീറ്റര്‍. തമിഴ്‌നാട്ടിലെ വെല്ലൂരിലാണു ദാരുണസംഭവം. വീട്ടിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാല്‍, ആംബുലന്‍സുകാര്‍ പാതിവഴിയില്‍ ഇറക്കിവിട്ടതോടെയാണു മകളുടെ മൃതദേഹമെടുത്ത് അമ്മയ്ക്കു നടക്കേണ്ടി വന്നത്.

വെല്ലൂര്‍ ജില്ലയിലെ ആമക്കാട്ട് ഗ്രാമത്തില്‍ കൂലിപ്പണിക്കാരനായ വിജയ്യുടെയും പ്രിയയുടെയും മകള്‍ ധനുഷ്‌കയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടില്‍ ഉറങ്ങുമ്പോഴാണു ധനുഷ്‌കയ്ക്ക് പാമ്പുകടിയേറ്റത്. മാതാപിതാക്കള്‍ കുട്ടിയുമായി ആശുപത്രിയിലേക്കു പുറപ്പെട്ടെങ്കിലും റോഡില്ലാത്തതിനാല്‍ എത്താന്‍ വൈകി. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ധനുഷ്‌ക മരിച്ചിരുന്നു.

മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ആംബുലന്‍സില്‍ കയറ്റിവിടുകയായിരുന്നു. റോഡ് സൗകര്യമില്ലാത്തതിനാല്‍ ആംബുലന്‍സുകാര്‍ ഇവരെ പാതിവഴിയില്‍ ഇറക്കിവിട്ടു. തുടര്‍ന്ന് മകളുടെ മൃതദേഹവുമായി പ്രിയ കുറച്ചുദൂരം ഒരാളുടെ ബൈക്കില്‍ യാത്ര ചെയ്തു. ബൈക്കുകാരനും ഇറക്കിവിട്ടപ്പോഴാണു നടന്ന് വീട്ടിലെത്തിയത്. റോഡ് സൗകര്യം ഇല്ലാതിരുന്നതാണു കുട്ടിയുടെ മരണത്തിനു കാരണമെന്നു ബന്ധുക്കള്‍ ആരോപിച്ചു.

കുട്ടിയുടെ രക്ഷിതാക്കള്‍ ആശാ വര്‍ക്കര്‍മാരെ ബന്ധപ്പെട്ടില്ലെന്നും അങ്ങനെ ചെയ്തിരുന്നെങ്കില്‍ മിനി ആംബുലന്‍സ് ലഭ്യമാക്കുമായിരുന്നെന്നും വെല്ലൂര്‍ കലക്ടര്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു. 1500 പേരോളം താമസിക്കുന്ന പ്രദേശത്തേക്കു റോഡ് നിര്‍മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കലക്ടര്‍ വ്യക്തമാക്കി. അണ്ണൈകാട്ട് പോലീസ് കേസെടുത്തു. സംഭവത്തില്‍ അഗാധദുഃഖം രേഖപ്പെടുത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ, മരണത്തിന്റെ പൂര്‍ണ ഉത്തരവാദി സര്‍ക്കാരാണെന്ന് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here