ജയ്പുർ: രാജസ്ഥാൻ സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് 2019ലെ പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് സിആർപിഎഫ് ജവാന്മാരുടെ വിധവകൾ രംഗത്ത്. സർക്കാർ തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നും ഗവർണർ കൽരാജ് മിശ്രയോട് ഇവർ ആവശ്യപ്പെട്ടു.
ബിജെപിയുടെ രാജ്യസഭാ എംപി കിരോഡി ലാൽ മീണയാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾക്കൊപ്പം മീണ ധർണയിരിക്കുകയാണ്.
ഗവർണർക്ക് നിവേദനം നൽകാൻ പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാരുടെ ഭാര്യമാർക്കൊപ്പം മീണ രാജ്ഭവനിലെത്തിയിരുന്നു. തുടർന്ന് രാജ്ഭവനിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോകാൻ ഇവർ ശ്രമിച്ചുവെങ്കിലും പോലീസ് തടഞ്ഞു.
പുൽവാമയിൽ കൊല്ലപ്പെട്ടവരുടെ വിധവകളെ പോലീസുകാർ തള്ളിയിട്ടുവെന്നും ഇവരിലൊരാൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്നും മീണ ആരോപിച്ചു. രക്തസാക്ഷികളുടെ കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുപകരം സംസ്ഥാന സർക്കാർ സ്വേച്ഛാധിപത്യത്തിന് വഴിയൊരുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.