മോതിരം വാങ്ങാനെന്ന വ്യാജേന ജൂവലറിയിലെത്തി രണ്ടര പവന്റെ നെക്‌ലേസ്‌ മോഷ്‌ടിച്ച പ്രതി അറസ്‌റ്റില്‍

0


അടൂര്‍: മോതിരം വാങ്ങാനെന്ന വ്യാജേനെ ജൂവലറിയിലെത്തി രണ്ടര പവനോളം വരുന്ന നെക്‌ലേസുമായി കടന്ന മോഷ്‌ടാവിനെ പോലീസ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ കുടുക്കി. കൊല്ലം എഴുകോണ്‍ ഇരുമ്പനങ്ങാട്‌ തുണ്ടില്‍ഭാഗം ശ്യാം ഭവനില്‍ അഭിലാഷാ(32)ണ്‌ പിടിയിലായത്‌. സെന്‍ട്രല്‍ ടോളിനു സമീപമുള്ള മുഗള്‍ ജൂവലറിയില്‍ നിന്നാണ്‌ നെക്‌ലേസ്‌ മോഷ്‌ടിച്ചശേഷം ഇയാള്‍ കടന്നത്‌. തിങ്കള്‍ ഉച്ചയ്‌ക്ക് 2.30നാണ്‌ സംഭവം. ജൂവലറിയിലെത്തി സ്വര്‍ണ മോതിരം ആവശ്യപ്പെട്ട ഇയാള്‍ ഒന്നു രണ്ടെണ്ണം നോക്കിയ ശേഷം ഭാര്യ വരാനുണ്ടെന്ന പറഞ്ഞ്‌ ജീവനക്കാരനെ വിശ്വസിപ്പിച്ചു. തുടര്‍ന്ന്‌ സ്വര്‍ണം വാങ്ങാനെത്തിയ മറ്റുള്ളവരുടെ അടുത്തേക്ക്‌ സെയില്‍സ്‌മാന്‍ പോയ തക്കത്തിന്‌ പ്രതി ഷെല്‍ഫില്‍ നിന്നും നെക്‌ലേസ്‌ എടുത്ത്‌ പുറത്തേക്ക്‌ ഓടുകയായിരുന്നു. ഇയാളുടെ പിന്നാലെ ജീവനക്കാര്‍ ഓടിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. വിവരമറിഞ്ഞെത്തിയ പോലീസ്‌ നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. അമ്പതോളം ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പ്രതി രക്ഷപെട്ട വാഹനം സംബന്ധിച്ച്‌ സൂചന ലഭിച്ചു. ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ വാഹനം കണ്ടെത്തുകയും ഡ്രൈവറില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പത്തിലധികം മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ പെരിങ്ങനാട്‌ പുത്തന്‍ചന്തയിലുള്ള ഭാര്യാഗൃഹത്തിലാണ്‌ താമസം. രാത്രി വീട്ടിലെത്തിയ ഇയാളെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ പോലീസ്‌ സ്‌ഥലത്തെത്തി അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഡിവൈ.എസ്‌.പി ആര്‍.ബിനുവിന്റെ മേല്‍നോട്ടത്തില്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ടി.ഡി. പ്രജീഷ്‌, സബ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ എം. മനീഷ്‌, ഹാറൂണ്‍ റഹിമാന്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ സോളമന്‍ ഡേവിഡ്‌, രാജ്‌കുമാര്‍, സൂരജ്‌.ആര്‍. കുറുപ്പ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍ അന്‍സാജു എന്നിവരടങ്ങുന്ന സംഘമാണ്‌ കേസ്‌ അന്വേഷണം നടത്തുന്നത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. പ്രതിയെ കസ്‌റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും.

Leave a Reply