തേനിയില്‍ കാര്‍ ലോറിയിലിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു

0


കോട്ടയം/കുമളി: സുഹൃത്തിന്റെ സഹോദരിയെ സേലത്തു നിന്നു നാട്ടിലെത്തിക്കാന്‍ പോയ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ തമിഴ്‌നാട്ടിലെ തേനി അല്ലിനഗറില്‍ ലോറിയുമായി കൂട്ടിയിടിച്ചു കോട്ടയം വേളൂര്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചു.
തിരുവാതുക്കല്‍ പ്ലാമ്പറമ്പില്‍ അജയകുമാറിന്റെ മകന്‍ അക്ഷയ്‌ (മോനായി- 23), കണിയാംപറമ്പില്‍ ഗിരീഷിന്റെ മകന്‍ കെ.ജി. ഗോകുല്‍ (23)എന്നിവരാണ്‌ മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന വടവാതൂര്‍ വലിയപാറയില്‍ രാജേഷിന്റെ മകന്‍ അനന്തുവിനെ പരുക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ നാലരയോടെ തേനി- സേലം റൂട്ടില്‍ അല്ലിനഗര്‍ പോലീസ്‌ സ്‌റ്റേഷനു സമീപം അണ്ണാച്ചിവിളക്കില്‍ കോയമ്പത്തൂരില്‍ നിന്നു വരികയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ചരക്കുലോറിയില്‍ കാറിടിക്കുകയായിരുന്നു. കാറിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടാണു ലോറിയില്‍ ഇടിച്ചത്‌. ബംഗളൂരുവില്‍നിന്ന്‌ ടൈല്‍സ്‌ കയറ്റി വരികയായിരുന്നു ലോറി.
അനന്തുവിന്റെ സഹോദരി, സേലത്തു നഴ്‌സിങ്ങ്‌ വിദ്യാര്‍ഥിയായ യുവതിയെ നാട്ടിലേക്കു കൊണ്ടുവരാന്‍ പോയതായിരുന്നു സംഘം. അസുഖബാധിതയായ യുവതിയെ നാട്ടിലെത്തിക്കാന്‍ അനന്തുവിന്റെ സുഹൃത്തിന്റെ കാറുമായാണ്‌ ഇവര്‍ പോയത്‌.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന്‌ മൂവരെയും തേനി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രണ്ടു പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ്‌ യുവാക്കളുടെ ബന്ധുക്കള്‍ തേനിയിലെത്തി. തുടര്‍ന്നു പോസ്‌്റ്റ്‌മോര്‍ട്ടത്തിനു ശേഷം രാത്രിയില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു.
കോട്ടയം നാഗമ്പടം റിലയന്‍സ്‌ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരാണ്‌ അക്ഷയും ഗോകുലും. അക്ഷയ്‌യുടെ മാതാവ്‌ മോളമ്മ. സഹോദരന്‍ ആദിഷ്‌. ഗോകുലിന്റെ മാതാവ്‌ ആശ, സഹോദരന്‍ അതുല്‍. ഗോകുലിന്റെ സംസ്‌കാരം ഇന്നു 10നു വേളൂര്‍ എസ്‌.എന്‍.ഡി.പി.ശ്‌മശാനത്തില്‍. അക്ഷയുടെ സംസ്‌കാരം ഇന്നു രാവിലെ നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here