കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്; പ്രശ്ന പരിഹാരത്തിന് ജനങ്ങളുടെ സഹായം കൂടി വേണമെന്ന് ഹൈക്കോടതി

0

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തിന്‌ ജനങ്ങളുടെ സഹായം കൂടി വേണമെന്ന് ഹൈക്കോടതി. ജില്ലാ കളക്ടര്‍ മാത്രം വിചാരിച്ചാല്‍ കൊച്ചിയിലെ വെള്ളക്കെട്ട് മാറില്ലെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.വെള്ളക്കെട്ടിന് കാരണമായ ഹോട്ട്സ്പോട്ടുകളായ കാനകള്‍ ശുചീകരിച്ചെന്ന് ഉറപ്പുവരുത്താൻ ജില്ലാ കളക്ടർ ഉൾപ്പെട്ട വിദഗ്ധ സമിതിയ്ക്ക് ഹൈക്കോടതി നിർദേശം നല്‍കി.


കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മുല്ലശ്ശേരിക്കനാലിലെ ജലത്തിന്‍റെ ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും നഗരത്തിലെ മാലിന്യങ്ങള്‍ നീക്കാൻ ജനങ്ങളുടെ സഹായം കൂടി വേണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി ജില്ലാ കളക്ടറും കോര്‍പ്പറേഷൻ സെക്രട്ടറിയും അമിക്യസ് ക്യൂറിയും നിരീക്ഷിച്ചെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇവരുടെ ഇടപെടലിനെയും ഹൈക്കോടതി അഭിനന്ദിച്ചു.

അതേസമയം, കനത്ത മഴയില്‍ ഇന്നും കൊച്ചി നഗരം മുങ്ങി. രാവിലത്തെ മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളാകെ വെള്ളത്തിലായി. ആലുവ -എറണാകുളം റോഡില്‍ പുളിഞ്ചോട് റോഡും മുങ്ങി. റോഡിലെ വെള്ളം സമീപത്തെ കടകളിലേക്കും വീടുകളിലേക്കും കയറി വലിയ നാശ നാശനഷ്ടവും ഉണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here