ഇന്ത്യൻ ടീമിൽ കടുത്ത സമ്മർദവും രാഷ്ട്രീയവും; കോച്ച് സ്ഥാനം വേണ്ടെന്ന് വച്ച് ജസ്റ്റിൻ ലാംഗർ

0

മുംബൈ: ഇന്ത്യൻ ടീമിൽ പരിശീലക സ്ഥാനം ഏറ്റെടുക്കാനില്ലെന്ന നിലപാടെടുത്ത് ഓസ്ട്രേലിയന്‍ മുൻ ക്രിക്കറ്റ് താരം ജസ്റ്റിൻ ലാംഗർ. ഇന്ത്യൻ ടീമിൽ കടുത്ത സമ്മർദവും രാഷ്ട്രീയവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ടീം ഇന്ത്യയെ പരിശീലിപ്പിക്കാനില്ലെന്ന ഇത്രയും ഭാരിച്ച ജോലി ഏറ്റെടുക്കാൻ താനില്ലെന്ന് ജസ്റ്റിൻ ലാംഗർ അറിയിച്ചു.

ഐപിഎല്ലിന്റെ ഭാഗമായിരുന്നപ്പോൾ ലക്നൗ ക്യാപ്റ്റൻ കെ.എൽ. രാഹുലുമായി ഇക്കാര്യം സംസാരിച്ചതായും ലാംഗർ വെളിപ്പെടുത്തി. ഐപിഎല്ലിനെക്കാളും ആയിരം മടങ്ങ് സമ്മർദം ഇന്ത്യൻ ടീം പരിശീലകനായാൽ നേരിടേണ്ടിവരുമെന്നാണ് രാഹുൽ ജസ്റ്റിൻ ലാംഗറിനു നൽ‌കിയ ഉപദേശം. രാഷ്ട്രീയം, കടുത്ത സമ്മർദം എന്നിവ ഇന്ത്യൻ ടീമിലെത്തിയാല്‍ ഉണ്ടാകുമെന്നും രാഹുൽ മുന്നറിയിപ്പു നൽകിയിരുന്നെന്നാണു ജസ്റ്റിൻ ലാംഗറുടെ വെളിപ്പെടുത്തൽ.

‘‘ഞാൻ നാലു വർഷത്തോളം ഓസ്ട്രേലിയൻ ടീമിനൊപ്പം ചെലവഴിച്ചിട്ടുണ്ട്. നേരത്തേ ഞാൻ കെ.എൽ. രാഹുലിനോടു സംസാരിച്ചിരുന്നു. ഐപിഎൽ ടീമിൽ സമ്മർദവും രാഷ്ട്രീയവും ഉണ്ടെന്നു നിങ്ങൾ ചിന്തിക്കുന്നെങ്കിൽ അതിന്റെ ആയിരം മടങ്ങ് ഇന്ത്യയെ പരിശീലിപ്പിക്കുമ്പോൾ ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതൊരു നല്ല ഉപദേശമായിരുന്നെന്ന് എനിക്കു തോന്നുന്നു.’’– ജസ്റ്റിൻ ലാംഗർ വ്യക്തമാക്കി. ഐപിഎല്ലിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ പരിശീലകനാണ് ലാംഗർ. ഈ സീസണിൽ ലക്നൗ പ്ലേഓഫ് കാണാതെ പുറത്തായിരുന്നു.

ഇന്ത്യയെ പരിശീലിപ്പിക്കാനില്ലെന്ന് ഓസ്ട്രേലിയ മുന്‍ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങും നേരത്തേ നിലപാടെടുത്തിരുന്നു. ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ താൽപര്യമുണ്ടെന്നും, എന്നാൽ കുടുംബത്തിനോടൊപ്പം കഴിയുന്നതിനാണ് ഇപ്പോൾ പരിഗണന നൽകുന്നതെന്നും റിക്കി പോണ്ടിങ് പ്രതികരിച്ചു. ഒരു വർഷത്തിൽ 11 മാസക്കാലമൊന്നും ഒരു ടീമിന്റെ കൂടെ തുടരാൻ തന്റെ ജീവിതരീതി വച്ച് സാധിക്കില്ലെന്നും പോണ്ടിങ് പ്രതികരിച്ചു.

ട്വന്റി20 ലോകകപ്പിനു ശേഷം നിലവിലെ ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയാനിരിക്കുകയാണ്. പരിശീലകനായി തുടരാനില്ലെന്നാണ് ദ്രാവിഡിന്റെ നിലപാട്. വിദേശപരിശീലകരെ കണ്ടെത്താൻ ബിസിസിഐ അന്വേഷണം തുടങ്ങിയെങ്കിലും, ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഗൗതം ഗംഭീർ ഇന്ത്യന്‍ പരിശീലകനാകാൻ സാധ്യതയുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here