ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ദൃശ്യങ്ങള്‍ ഫോണ്‍ ക്യാമറയില്‍

0


ലഖ്‌നൗ: സൂം ആപ്പ് വഴി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ എടുക്കുന്നതിനിടെ ഗോണ്ടയില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ അക്രമികള്‍ കൊലപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. അധ്യാപകന്റെ ഫോണില്‍ റെക്കോര്‍ഡായ സംഭവങ്ങളുടെ മുഴുവന്‍ ദൃശ്യങ്ങളും ഫോറന്‍സിക് വിദഗ്ദര്‍ വീണ്ടെടുത്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണകുമാര്‍ യാദവ്( 35) തിങ്കളാഴ്ച ഓണ്‍ലൈനില്‍ ട്യൂഷന്‍ എടുത്തുകൊണ്ടിരിക്കുമ്പോള്‍ സന്ദീപ് കുമാര്‍, ജഗ്ഗ മിശ്ര എന്നീ രണ്ട് യുവാക്കള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

കൃഷ്ണയുടെ സഹോദരിയെ സന്ദീപ് ശല്യം ചെയ്യുന്നത് പതിവായിരുന്നു. ഇതറിഞ്ഞ കൃഷ്ണ പോലീസില്‍ അറിയിക്കുമെന്ന് സന്ദീപിനെ ഭീഷണിപ്പെടുത്തി. ഇതില്‍ പ്രകോപിതരായ സന്ദീപും സഹായി ജഗ്ഗയും ചേര്‍ന്ന് കൃഷ്ണയെ കൊലപ്പെടുത്തിയതായി ഗോണ്ട എസ്എച്ച്ഒ രാകേഷ് സിംഗ് പറഞ്ഞു. കേസിലെ എല്ലാ തെളിവുകളും പോലീസ് ശേഖരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃഷ്ണ അംബേദ്കര്‍നഗര്‍ സ്വദേശിയാണെന്നും ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപകനായിരുന്നെന്നും പോലീസ് വ്യക്തമാക്കി.

വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്ന കൃഷ്ണ തിങ്കളാഴ്ച വൈകുന്നേരം ഒരു പെണ്‍കുട്ടിയെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രതികള്‍ രണ്ട് പേരും വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. നിലത്ത് വീണ കൃഷ്ണയുടെ ഫോണില്‍ ദൃശ്യങ്ങള്‍ എല്ലാം റെക്കോര്‍ഡായി. പ്രതികള്‍ വീട്ടില്‍ നിന്ന് 2,300 രൂപയും കവര്‍ന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here