ട്വന്റി 20 ക്രിക്കറ്റിലെ യൂനിവേഴ്സൽ ബോസെന്ന് ആരാധനയോടെ വിളിക്കാറുള്ളത് വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ലിനെയാണ്

0

കറാച്ചി: ട്വന്റി 20 ക്രിക്കറ്റിലെ യൂനിവേഴ്സൽ ബോസെന്ന് ആരാധനയോടെ വിളിക്കാറുള്ളത് വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ലിനെയാണ്. ട്വന്റി 20 ഫോർമാറ്റിൽ വിസ്‌ഫോടനാത്മകമായ ബാറ്റിംഗാണ് അതിനു കാരണം. ഏതുവമ്പൻ ബൗളിങ് നിരയെയും തച്ചുതകർത്ത് മുന്നേറിയ താരം.

എന്നാൽ സമകാലിക ക്രിക്കറ്റിൽ യഥാർത്ഥ യൂണിവേഴ്‌സൽ ബോസ് സൂര്യകുമാർ യാദവാണെന്നാണ് മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ പറയുന്നത്. ന്യൂ യൂനിവേഴ്സൽ ബോസെന്ന വിശേഷണം സൂര്യകുമാർ യാദവിന് മാത്രം അവകാശപ്പെട്ടതാണെന്ന് കനേരിയ പറയുന്നു.

ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ സൂര്യകുമാർ യാദവ് 51 പന്തിൽ പുറത്താകാതെ 112 റൺസടിച്ച് ഇന്ത്യയുടെ വിജയശിൽപിയായിരുന്നു. ഇതിന് പിന്നാലെയാണ് സൂര്യയെ വാനോളം വാഴ്‌ത്തി കനേരിയ രംഗത്തെത്തിയത്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകൾ പായിച്ച സൂര്യ ആധുനിക ടി20യിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ താനാണെന്ന് അടിവരയിടുകയായിരുന്നു.

‘പുതിയ യൂനിവേഴ്സൽ ബോസ് സൂര്യകുമാർ യാദവ് തന്റെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്നതാണ് കണ്ടത്. സൂര്യയെപ്പോലുള്ള താരങ്ങൾ നൂറ്റാണ്ടുകൾക്കിടയിൽ ഒരിക്കൽ മാത്രം ഉണ്ടാവുന്നതാണ്. സൂര്യയുടെ ഷോട്ടുകളൊന്നും ആർക്കും അനുകരിക്കാനാവാത്തതാണ്.

സ്വർണ്ണ ലിപികളാൽ തന്റെ പേര് അവൻ എഴുതുകയാണ്. ലോകത്തിലെ ഏത് മൈതാനത്തിലും ഇതേ മികവ് കാട്ടാൻ അവനാവും. സൂര്യകുമാർ ക്രീസിൽ നിൽക്കുമ്പോൾ ബൗളർമാർ എപ്പോഴും വലിയ സമ്മർദ്ദത്തിലായിരിക്കും-കനേരിയ കൂട്ടിച്ചേർത്തു.

പുതിയ യൂണിവേഴ്‌സ് ബോസാണ് സൂര്യകുമാർ. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണയാൾ. എ ബി ഡിവില്ലിയേഴ്‌സും ക്രിസ് ഗെയ്ലുമെല്ലാം അയാളുടെ നിഴൽ മാത്രമാണ്. ശ്രീലങ്കക്കെതിരെ അയാൾ നടത്തിയ പ്രകടനം മറ്റാർക്കും ആവർത്തിക്കാനാവില്ല. നിങ്ങൾക്ക് ഡിവില്ലിയേഴ്‌സിനെയും ക്രിസ് ഗെയ്ലിനെയും കുറിച്ചെല്ലാം പറയാം. പക്ഷെ അയാളുടെ പ്രകടനത്തിന് മുന്നിൽ ഇവർ ഒന്നുമല്ലെന്ന് തോന്നും. ടി20 ക്രിക്കറ്റിനെ തന്നെ സൂര്യകുമാർ പുതിയൊരു തലത്തിലേക്ക് ഉയർത്തിക്കഴിഞ്ഞുവെന്നും കനേരിയ പറഞ്ഞു.

എബി ഡിവില്ലിയേഴ്സിന് ശേഷം മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് കളിക്കാൻ കഴിവുള്ള താരമായിട്ടാണ് സൂര്യയെ വിശേഷിപ്പിക്കുന്നത്. ബൗളറെ ഭയപ്പെടാതെ കളിക്കുന്ന താരമാണ് സൂര്യ. ഏത് സമ്മർദ്ദത്തിലും തന്റെ വെടിക്കെട്ട് ശൈലി സൂര്യ പിന്തുടരും.

ക്രീസിലെത്തിയാൽ നിലയുറപ്പിക്കാനായി സമയമെടുക്കുന്നതൊക്കെ പഴയരീതിയായി. ക്രീസിലെത്തിയപാടെ അടിച്ചു കളിക്കുക എന്നതാണ് പുതിയ രീതി. അതാണ് സൂര്യകുമാർ ചെയ്യുന്നതും. സൂര്യക്ക് പരിധികളില്ല. കാരണം അയാൾ പരിധികളും പരിമിതികളും ലംഘിച്ചാണ് മുന്നേറുന്നത്.

വൈകിയാണ് സൂര്യയുടെ കരിയർ തുടങ്ങിയതെങ്കിലും ലഭിച്ച അവസരം ഇരു കൈയും നീട്ടിയാണ് അയാൾ സ്വീകരിച്ചത്. നെറ്റ്‌സിൽ അയാൾ കഠിനാധ്വാനം ചെയ്യുന്നു. അവിടെ ചെയ്യുന്ന കാര്യങ്ങൾ ഗ്രൗണ്ടിലും ആവർത്തിക്കുന്നു, അതും രാജ്യാന്തര തലത്തിൽ. അതുകൊണ്ടാണ് അയാൾ എത്ര പ്രശംസിച്ചാലും ആർക്കും മതിവരാത്തത്. അയാളുടെ കളി കാണാൻ തന്നെ എന്തൊരു ചന്തമാണെന്നും കനേരിയ പറഞ്ഞു.

ക്രീസിലെത്തുമ്പോഴെ സൂര്യയുടെ മനോഭാവം ആരെയും ആകർഷിക്കുന്നതാണ്. ആദ്യ പന്ത് മുതൽ അടിച്ചു കളിക്കുന്ന സൂര്യയിൽ ഇന്ത്യൻ ടീമിനും വിശ്വാസമാണ്. കാരണം അവൻ അടിച്ചാൽ ടീം സുരക്ഷിതമാവുമെന്ന് അവർക്കറിയാമെന്നും കനേരിയ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here