കാബിന്‍ ക്രൂവിനോട് മോശമായി പെരുമാറിയ രണ്ട് യാത്രക്കാരെ സ്പൈസ്ജെറ്റ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

0

കാബിന്‍ ക്രൂവിനോട് മോശമായി പെരുമാറിയ രണ്ട് യാത്രക്കാരെ സ്പൈസ്ജെറ്റ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഡല്‍ഹിയിലേക്കുള്ള ഹൈദരാബാദ് സ്പൈസ്ജെറ്റ് വിമാനത്തിലാണ് സംഭവം. യാത്രക്കാരിലൊരാള്‍ കാബിന്‍ ക്രൂവിനോട് ആക്രോശിക്കുന്നിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പ്രശ്നമുണ്ടാക്കിയ യാത്രക്കാരെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപിക്കുകയായിരുന്നു.

ഒരു യാത്രക്കാരൻ വനിത ക്യാബിൻ ക്രൂവിനോട് വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും, മറ്റൊരു യാത്രക്കാരൻ പ്രശ്നത്തിൽ ഇടപെടാൻ എത്തുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജീവനക്കാരിയുടെ ദേഹത്ത് യാത്രക്കാരൻ സ്പർശിച്ചതായും മറ്റു ജീവനക്കാർ പരാതി നൽകി.

ഡൽഹിയിൽനിന്ന് വിമാനം പുറപ്പെടാനിരിക്കെയാണ് യാത്രക്കാരൻ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതെന്നും അവരെ ശല്യപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തതായും സ്പൈസ്‌ജെറ്റ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ പറയുന്നു. സംഭവം ക്യാബിൻ ക്രൂ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു.

അപമര്യാദയായി പെരുമാറിയ യാത്രക്കാരനെയും അയാൾക്കൊപ്പമുണ്ടായിരുന്ന വ്യക്തിയെയും വിമാനത്തിൽനിന്ന് പുറത്താക്കിയെന്നും കുറിപ്പിൽ പറയുന്നു. യാത്രക്കാരൻ പിന്നീട് ക്ഷമാപണം എഴുതി നൽകിയെങ്കിലും കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ അയാളെ യാത്ര ചെയ്യാൻ അനുവദിച്ചില്ലെന്നാണ് വിവരം.

Leave a Reply