തൃശൂരും തിരുവനന്തപുരവും ബിജെപി, 18 സീറ്റില്‍ എല്‍ഡിഎഫ്; ഇതാണ് അന്തര്‍ധാരയെന്ന് മുരളീധരന്‍

0

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളില്‍ രണ്ടെണ്ണം ബിജെപിക്കും പതിനെട്ടണ്ണം എല്‍ഡിഎഫിനും എന്ന് സിപിഎം -ബിജെപി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളാണ് ഡീൽ അനുസരിച്ചു ബിജെപിക്കു ലഭിക്കുക. ബാക്കി സീറ്റുകളില്‍ ബിജെപി എല്‍ഡിഎഫിനെ സഹായിക്കാനാണ് ധാരണ. ഈ അന്തര്‍ധാര പൊളിച്ച് യുഡിഎഫ് 20 സീറ്റിലും ജയം നേടുമെന്ന് മുരളീധരന്‍ പറഞ്ഞു.

തൃശൂരും തിരുവനന്തപുരവും ഉള്‍പ്പെടെ 20 ഇടത്തും യുഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. തൃശൂരിലെ ജയത്തെക്കുറിച്ച് ഒരു സംശയവുമില്ല. രാവിലെ തന്നെയുള്ള വോട്ടര്‍മാരുടെ തിരക്ക് യുഡിഎഫിന് അനുകൂല ഘടകമാണെന്ന് മുരളീധരന്‍ പറഞ്ഞു.”എല്ലാ കാര്യവും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞു മാത്രമേ ആ പാര്‍ട്ടിയില്‍ നടക്കൂ. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ തൃശൂര്‍ സിപിഎം ജില്ലാ ഓഫിസില്‍ വന്നതു തന്നെ ഡീല്‍ ഉറപ്പിക്കാനാണ്. സിപിഎമ്മിന്റെ പല പ്രമുഖരുടെയും അഭാവം തൃശൂരില്‍ നിഴലിച്ചു കാണുന്നുണ്ട്. അതു തന്നെയാണ് ഏറ്റവും വലിയ തെളിവ്. കോണ്‍ഗ്രസിനെ നശിപ്പിക്കുകയാണ് ഈ ഡീലിന്റെ പ്രധാന ഉദ്ദേശ്യം. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് ഗുണം എന്നു പറയുന്നതുപോലെ, സ്വന്തം കേസുകളില്‍നിന്ന് ഊരുകയും ചെയ്യാം, കോണ്‍ഗ്രസിനെ ശരിയാക്കുകയും ചെയ്യാം.” – മുരളീധരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here