നാടുവിറപ്പിച്ചു പാഞ്ഞുനടന്ന്‌ ഒടുവില്‍ വനംവകുപ്പിന്റെ കൂട്ടിലായ ധോണിക്ക്‌ (പി.ടി-7) പാപ്പാനെ തേടുന്നു

0

നാടുവിറപ്പിച്ചു പാഞ്ഞുനടന്ന്‌ ഒടുവില്‍ വനംവകുപ്പിന്റെ കൂട്ടിലായ ധോണിക്ക്‌ (പി.ടി-7) പാപ്പാനെ തേടുന്നു. ധോണി ഫോറസ്‌റ്റ്‌ സ്‌റ്റേഷനിലെ യൂക്കാലിപ്‌റ്റസ്‌ മരംകൊണ്ടുള്ള കൂട്ടിലടയ്‌ക്കപ്പെട്ട ആന, കാര്യമറിയാതെ കൂട്‌ മറികടക്കാന്‍ ആദ്യദിവസം ശ്രമം നടത്തി. എന്നാല്‍ പ്രതിഷേധം ഫലം കാണില്ലെന്നു വന്നതോടെ ഇന്നലെ പകല്‍ ശാന്തനായി. മദപ്പാടുള്ള ആനയെ തണുപ്പിക്കാന്‍ ശരീരത്തില്‍ വെള്ളമൊഴിക്കുന്നത്‌ തുടരുന്നു.
ധോണിക്ക്‌ പ്രത്യേക ഭക്ഷണമെനു തയ്യാറാണെങ്കിലും ആദ്യദിവസം രാത്രി പച്ചവെള്ളം മാത്രമാണു നല്‍കിയത്‌. മയക്കുവെടിയും പ്രതിമരുന്നും നല്‍കിയതിനാലാണ്‌ ഭക്ഷണം ഒഴിവാക്കിയത്‌. ഇന്നലെ ഭക്ഷണം നല്‍കിത്തുടങ്ങി. വൈകാതെ കട്ടിയുള്ള ഭക്ഷണവും നല്‍കും. പാപ്പാന്‍വഴി ഭക്ഷണവും വെള്ളവും മരുന്നും നല്‍കി ആനയെ പ്രചോദിപ്പിക്കുന്ന രീതി (പോസിറ്റീവ്‌ ഇന്‍ഡ്യൂസ്‌മെന്റ്‌) നടപ്പാക്കാനാണ്‌ വനംവകുപ്പ്‌ ഉദ്ദേശിക്കുന്നത്‌. പാപ്പാനില്‍ നിന്ന്‌ തീറ്റ നേരിട്ടു സ്വീകരിക്കുംവരെ ഇതു തുടരും. പറമ്പിക്കുളം, വയനാട്‌ ക്യാമ്പുകളില്‍നിന്ന്‌ ധോണിക്കു പാപ്പാനെ കണ്ടെത്താനാണു ശ്രമം.
കുങ്കിയാക്കി മാറ്റാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കൂട്‌ പരിചയപ്പെടുത്തുന്നതിലാണ്‌ ആദ്യം ശ്രദ്ധിക്കുകയെന്ന്‌ വനം ചീഫ്‌ വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ പറഞ്ഞു.
മര്‍ദ്ദിക്കാതെതന്നെ അനുസരണശീലം പഠിപ്പിക്കുന്ന സമ്പ്രദായം സ്വീകരിക്കും. പതിവായി ജനവാസമേഖലയില്‍ ഇറങ്ങിയിരുന്നതിനാല്‍ ധോണിക്ക്‌ മനുഷ്യസമ്പര്‍ക്കം പുതുമയല്ലെന്നാണ്‌ അനുമാനം. വേഗത്തില്‍ മാറ്റം വരുമെന്നും കരുതുന്നു.
ആനയ്‌ക്കുവേണ്ടി പ്രത്യേകം കുക്കിനെ നിയമിക്കും. വെറ്ററിനറി ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന ഭക്ഷണമാണു നല്‍കുക.
ഡയറ്റ്‌ബുക്കും ഉടന്‍ ക്രമീകരിക്കുമെന്ന്‌ പാലക്കാട്‌ ഡി.എഫ്‌.ഒ. കുറ ശ്രീനിവാസ്‌ പറഞ്ഞു. ആരെയും കൂസാത്ത ആനകളുടെ പ്രകൃതമാണു ധോണിയുടേത്‌. കുങ്കിയാക്കാന്‍ വനംവകുപ്പിനെ പ്രേരിപ്പിക്കുന്ന ഘടകവും അതുതന്നെ.

Leave a Reply