പുതുവത്സര രാവിലെ അപകടത്തിൽ വാഹനത്തിന്റെ അടിയിൽ കുടുങ്ങി യുവതി മരിച്ച സംഭവത്തിൽ ലൈംഗിക അതിക്രമമുണ്ടായിട്ടില്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി

0

പുതുവത്സര രാവിലെ അപകടത്തിൽ വാഹനത്തിന്റെ അടിയിൽ കുടുങ്ങി യുവതി മരിച്ച സംഭവത്തിൽ ലൈംഗിക അതിക്രമമുണ്ടായിട്ടില്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. പ്രത്യേക മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിലാണു നടപടികൾ പൂർത്തിയാക്കിയത്. അപകടത്തിൽ മരിച്ച അഞ്ജലി സിങ്ങിന്റെ (20) മൃതദേഹം സംസ്കരിച്ചു. കുടുംബത്തിന് അടിയന്തര സഹായമായി ഡൽഹി സർക്കാർ 10 ലക്ഷം രൂപ പ്രഖ്യാപിച്ചു.

ശരീരം റോഡിലൂടെ വലിച്ചിഴച്ചതിനെ തുടർന്നുണ്ടായ പരുക്കും ആന്തരിക ക്ഷതങ്ങളുമാണ് മരണകാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. തലയ്ക്കും നട്ടെല്ലിനും മറ്റും ഗുരുതരമായ പരുക്കു പറ്റിയിരുന്നെന്നും ഇതെല്ലാം മരണത്തിലേക്കു നയിച്ചുവെന്നുമാണു റിപ്പോർട്ട്. കെമിക്കൽ പരിശോധനയുടെയും ബയോളജിക്കൽ സാംപിൾ പരിശോധനയുടെയും ഫലമെത്തിയ ശേഷം അന്തിമ റിപ്പോർട്ട് കൈമാറും.

അപകടസമയത്തു അഞ്ജലി സിങ്ങിനൊപ്പം സുഹൃത്തും ഉണ്ടായിരുന്നുവെന്നും സ്കൂട്ടറിന്റെ പിന്നിൽ സഞ്ചരിക്കുകയായിരുന്ന കൂട്ടുകാരി സംഭവത്തിനു പിന്നാലെ ഭയന്നു വീട്ടിലേക്കു പോയെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണു മറ്റൊരു യുവതിയും സ്കൂട്ടറിലുണ്ടായിരുന്നുവെന്നു കണ്ടെത്തിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെയാണു മദ്യലഹരിയിൽ 5 യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ, സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് 12 കിലോമീറ്ററോളം വലിച്ചിഴച്ചത്. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഔട്ടർ ഡൽഹിയിൽ സുൽത്താൻപുരിയിലെ കാഞ്ചവാലയിൽ നിന്നാണു കണ്ടെത്തിയത്.

പുതുവത്സരാഘോഷത്തിനു ശേഷം ഹോട്ടലിൽനിന്നു രാത്രി അഞ്ജലിയും കൂട്ടുകാരിയും കൂടി പുറത്തേക്കു വരുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. അപകടത്തിൽ തെറിച്ചുവീണ കൂട്ടുകാരിക്ക് നിസ്സാര പരുക്കേറ്റെന്നും ഭയന്നുപോയ ഇവർ വേഗം വീട്ടിലേക്കു മടങ്ങുകയായിരുന്നെന്നും സ്പെഷൽ കമ്മിഷണർ സാഗർ പ്രീത് ഹൂഡ പറഞ്ഞു.

സംഭവത്തിൽ പൊലീസ് അനാസ്ഥ കാട്ടിയെന്ന ആക്ഷേപങ്ങൾക്കിടെ യുവതിയുടെ വീടിനു മുന്നിൽ ശക്തമായ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ചു റിപ്പോർട്ട് കൈമാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.

അഞ്ജലിയുടെ അമ്മയുമായി സംസാരിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കുമെന്നു പറഞ്ഞു. ഔട്ടർ ഡൽഹി ഡിസിപിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എഎപി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here