ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യക്ക്‌ ആറ്‌ വിക്കറ്റ്‌ ജയം

0


ലഖ്‌നൗ: ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യക്ക്‌ ആറ്‌ വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ എട്ട്‌ വിക്കറ്റിന്‌ 99 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ കളി തീരാന്‍ ഒരു പന്ത്‌ ശേഷിക്കേയാണു വിജയ റണ്ണെടുത്തത്‌.
സൂര്യകുമാര്‍ യാദവ്‌ (31 പന്തില്‍ 26), നായകന്‍ ഹാര്‍ദിക്‌ പാണ്ഡ്യ (20 പന്തില്‍ 15) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്‌. ബ്ലയര്‍ ടിക്‌നര്‍ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്‌ ആറ്‌ റണ്ണായിരുന്നു. മൂന്ന്‌ ട്വന്റി20 കളുടെ പരമ്പര 1-1 നു തുല്യനിലയിലായി.
നൂറ്‌ റണ്ണെടുക്കാനിറങ്ങിയ ഇന്ത്യക്ക്‌ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്‌ടമായെങ്കിലും റണ്‍റേറ്റ്‌ നിലനിര്‍ത്തി കൊണ്ടു പോകാനായി. ശുഭ്‌മന്‍ ഗില്ലും (ഒന്‍പത്‌ പന്തില്‍ 11) ഇഷാന്‍ കിഷനും (32 പന്തില്‍ 19) കരുതലോടെയാണു തുടങ്ങിയത്‌. ഗില്ലിനെ ഫാബിയന്‍ അലന്റെ കൈയിലെത്തിച്ച്‌ മൈക്കിള്‍ ബ്രേസ്‌വെല്‍ കൂട്ടുകെട്ട്‌ പൊളിച്ചു. കിഷന്‍ റണ്ണൗട്ടുമായി. രാഹുല്‍ ത്രിപാഠിയും (18 പന്തില്‍ 13) വൈകാതെ മടങ്ങി. ഇഷ്‌ സോധി ത്രിപാഠിയെ ഗ്ലെന്‍ ഫിലിപ്‌സിന്റെ കൈയിലെത്തിച്ചു. വാഷിങ്‌ടണ്‍ സുന്ദറും (10) റണ്ണൗട്ടായതോടെ ഇന്ത്യക്ക്‌ ആശങ്കയായി. ടോസ്‌ നേടിയ ന്യൂസിലന്‍ഡ്‌ നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു.
ഓപ്പണര്‍മാരായ ഫിന്‍ അലനും (11) ഡെവണ്‍ കോണ്‍വേയ്‌ക്കും (11) പിടിച്ചു നില്‍ക്കാനായില്ല. ഫിന്‍ അലനെ ബൗള്‍ഡാക്കി ലെഗ്‌ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹാലാണ്‌ വിക്കറ്റ്‌ വേട്ട തുടങ്ങിയത്‌. കോണ്‍വേയെ വാഷിങ്‌ടണ്‍ സുന്ദര്‍ വിക്കറ്റ്‌ കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈയിലെത്തിച്ചു.
ഗ്ലെന്‍ ഫിലിപ്‌സിനെ ദീപക്‌ ഹൂഡ പുറത്താക്കി. ഡാരില്‍ മിച്ചലിനും (13 പന്തില്‍ എട്ട്‌) ശോഭിക്കാനായില്ല. മിച്ചലിനെ കുല്‍ദീപ്‌ യാദവ്‌ പറഞ്ഞുവിട്ടു. മൂന്നാമനായി ഇറങ്ങിയ മാര്‍ക്‌ ചാപ്‌മാന്‍ (21 പന്തില്‍ 14) റണ്ണൗട്ടായതും ന്യൂസിലന്‍ഡിനു തിരിച്ചടിയായി. മിച്ചല്‍ ബ്രേസ്‌വെല്‍ (22 പന്തില്‍ 14) സാന്റ്‌നറിനൊപ്പം (23 പന്തില്‍ പുറത്താകാതെ 19) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. ബ്രേസ്‌വെല്ലിനെ ഹാര്‍ദിക്‌ പാണ്ഡ്യ അര്‍ഷദീപ്‌ സിങ്ങിന്റെ കൈയിലെത്തിച്ചു. ലൂകി ഫെര്‍ഗുസണിനെയും (0) അര്‍ഷദീപാണു പുറത്താക്കിയത്‌. ജേക്കബ്‌ ഡഫി (ആറ്‌) സാന്റ്‌നറിനൊപ്പംനിന്നു. റാഞ്ചിയിലെ അവസാന ഓവറില്‍ 27 റണ്‍ വഴങ്ങിയ അര്‍ഷദീപ്‌ ഇന്നലെ രണ്ട്‌ ഓവറില്‍ ഏഴ്‌ റണ്‍ മാത്രം വഴങ്ങി രണ്ട്‌ വിക്കറ്റെടുത്തു.

Leave a Reply