ഇനിമുതല്‍ അഭിഭാഷകരെ ഹൈക്കോടതി ജഡ്‌ജിമാര്‍ ചേംബറില്‍ കാണില്ല

0

ഇനിമുതല്‍ അഭിഭാഷകരെ ഹൈക്കോടതി ജഡ്‌ജിമാര്‍ ചേംബറില്‍ കാണില്ല. ജഡ്‌ജിമാര്‍ക്കു നല്‍കാനെന്നപേരില്‍ അഭിഭാഷക അസോസിയേഷന്‍ സംഘടനാ നേതാവ്‌ അഡ്വ. സൈബി ജോസ്‌ കിടങ്ങൂര്‍ കോഴ വാങ്ങിയെന്ന ആരോപണത്തിന്റെ പശ്‌ചാത്തലത്തിലാണിത്‌. നിലവില്‍ ഗവ. പ്ലീഡര്‍മാര്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ ചേംബറിലെത്തി ജഡ്‌ജിമാരുമായി സംസാരിക്കുന്നതു സാധാരണയാണ്‌. ചീഫ്‌ ജസ്‌റ്റിസിന്റെ നിര്‍ദേശപ്രകാരമാണു അഭിഭാഷകരുടെ സന്ദര്‍ശനം വിലക്കിയതെന്നാണു വിവരം.
അഭിഭാഷകര്‍ക്കു പറയാനുള്ളതു ഓപ്പണ്‍ കോടതിയില്‍ വച്ചു തന്നെ കേള്‍ക്കും. വാദം പൂര്‍ത്തിയായില്ലെങ്കില്‍ മറ്റൊരുദിവസം വീണ്ടും അവസരം നല്‍കും. കക്ഷികളെ സ്വാധീനിക്കാന്‍ അവര്‍ കാണ്‍കെ ജഡ്‌ജിയുടെ ചേംബറില്‍ അഭിഭാഷകര്‍ കയറിയിറങ്ങുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചാണു കോഴ ആവശ്യപ്പെടുന്നതെന്നാണു ഹൈക്കോടതി വിജിലന്‍സും കണ്ടെത്തിയത്‌. ജഡ്‌ജിയുടെ ചേംബറില്‍ അഭിഭാഷകന്‍ കയറിയിറങ്ങുന്നതു കാണുമ്പോള്‍ തങ്ങളുടെ കേസ്‌ സംസാരിക്കാനാണെന്നു കക്ഷിയും സ്വാഭാവികമായി വിശ്വസിക്കും. ഈ തെറ്റിദ്ധാരണ ഒഴിവാക്കാനാണു പുതിയ തീരുമാനം.
അതേസമയം, കോഴ ആരോപണത്തിന്റെ പശ്‌ചാത്തലത്തില്‍ ജഡ്‌ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തിയതിനു പിന്നാലെ സര്‍ക്കാര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ഗവ. പ്ലീഡര്‍മാരെയും പുനര്‍വിന്യസിച്ചു. ഇവര്‍ കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകള്‍ മാറ്റിനല്‍കിയിട്ടുണ്ട്‌. പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലുള്ള നോട്ടീസ്‌ ഹര്‍ജിക്കാരനായ റാന്നി സ്വദേശിക്കു കൈമാറാത്തതു ഗുരുതരമായ കുറ്റമാണെന്നാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍. കോടതിയില്‍നിന്നു ഹര്‍ജിക്കാരനു കൈമാറേണ്ട നോട്ടീസ്‌ തങ്ങള്‍ക്കു ലഭിച്ചില്ലെന്നാണു ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്‌ഥന്‍ അറിയിച്ചത്‌. ഇക്കാര്യത്തില്‍ വീഴ്‌ച പറ്റിയത്‌ എവിടെയെന്നു പോലീസ്‌ അന്വേഷിക്കും. പ്രോസിക്യൂട്ടര്‍ വഴിയാണു നോട്ടീസ്‌ അന്വേഷണ ഉദ്യോഗസ്‌ഥനു കൈമാറേണ്ടത്‌.
പോക്‌സോ കേസ്‌, എസ്‌.സി./എസ്‌.ടി., ഐ.പി.സി. സെക്ഷന്‍ 376 ബലാല്‍സംഗ കേസുകള്‍ എന്നിവയില്‍ കക്ഷിക്കു പോലീസ്‌ നേരിട്ടു നോട്ടീസ്‌ കൈമാറേണ്ടതുണ്ട്‌. നോട്ടീസ്‌ കൈപ്പറ്റിയോ എന്നതു രജിസ്‌ട്രിയും കോടതിയും ഉറപ്പാക്കണം. ഇക്കാര്യത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതു ഗുരുതരമായ തെറ്റാണ്‌. റാന്നി കേസില്‍ പരാതിക്കാര്‍ അറിയാതെയാണു പ്രതികളുടെ മുന്‍കൂര്‍ജാമ്യഹര്‍ജി അനുവദിച്ചത്‌. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു കോടതി പ്രതികളുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കി ഹര്‍ജി വീണ്ടും കേള്‍ക്കാന്‍ തീരുമാനിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here