ഹോട്ടൽ ഉടമകളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നയാൾ പിടിയിൽ

0

ഹോട്ടൽ ഉടമകളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നയാൾ പിടിയിൽ. മാനന്തവാടി സ്വദേശിയായ ബേസിൽ വർക്കി (31)യെയാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ഇന്റീരിയർ ഡിസൈനർ ആയ ബേസിൽ, ചില ഹോട്ടലുകളിലെ ഭക്ഷണത്തെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ശ്രദ്ധിച്ചിരുന്നു. ഹോട്ടൽ ഉടമയെ ഫോൺ ചെയ്ത് താൻ അഭിഭാഷകൻ ആണെന്ന് പരിചയപ്പെടുത്തിയ ശേഷം, ഹോട്ടലിൽ നിന്ന് പാഴ്‌സൽ വാങ്ങിയെന്നും ഭക്ഷണം കഴിച്ച് കുട്ടി അവശനിലയിൽ ആശുപത്രിയിൽ ആണെന്നും മറ്റും പറയും. ഭക്ഷ്യവിഷബാധ പ്രശ്‌നങ്ങളെക്കുറിച്ച് അറിയാവുന്ന പലരും ഇത് പൊലീസിൽ റിപ്പോർട്ട് ചെയ്യാതെ ബേസിൽ പറയുന്നത് വിശ്വസിച്ച് വിലപേശി ചെറിയ തുക കൊടുക്കുകയാണ് പതിവ്.

കഴിഞ്ഞ ദിവസം എറണാകുളം സരിത തീയേറ്ററിനടുത്തുള്ള ഹോട്ടലിലേക്ക് ബേസിൽ വിളിച്ചു. ആ ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയുടെ ഉള്ളിൽ ഒരു റബർബാൻഡ് ഉണ്ടായിരുന്നുവെന്നും അത് കഴിച്ച അയാളുടെ കുട്ടിയുടെ തൊണ്ടയിൽ റബർബാൻഡ് കുടുങ്ങി കുട്ടി ആശുപത്രിയിൽ ആണെന്നും പറഞ്ഞു. പിന്നീട് ഇയാൾ ബിരിയാണിയുടെ മുകളിൽ ഒരു റബർബാൻഡ് വെച്ച് ഫോട്ടോയെടുത്ത് ഹോട്ടൽ ഉടമക്ക് അയച്ചുകൊടുത്തു.

ബിരിയാണി കണ്ടപ്പോൾ ഇത് തന്റെ സ്ഥാപനത്തിലെ ബിരിയാണി അല്ല എന്ന് ഹോട്ടലുടമക്ക് മനസ്സിലായി.ബില്ല് ചോദിച്ചപ്പോൾ ഈ ബില്ലൊക്കെ ആരെങ്കിലും കൊണ്ട് നടക്കുമോ നിങ്ങൾ കൂടുതൽ ഇങ്ങോട്ട് സംസാരിച്ചാൽ ഇത് ഞാൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നീട് 10000 രൂപ ആശുപത്രി ചെലവിനായി തന്നാൽ ഇതിൽ നിന്നും പിന്മാറാം എന്നും അറിയിച്ചു.

ഹോട്ടൽ അസോസിയേഷന്റെ ഭാരവാഹി കൂടി ആയ ഹോട്ടലുടമ അപ്പോൾ തന്നെ വിവരം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർക്ക് കൈമാറി. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ പാഴ്‌സൽ മേടിച്ചു എന്ന് പറയുന്ന സമയത്ത് ഇയാൾ ബംഗളൂരുവിൽ ആണെന്ന് മനസ്സിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ പാലക്കാട്, വയനാട്, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിലും ഇതുപോലെ ഭീഷണിപ്പെടുത്തി പണം വാങ്ങിയതായി അറിയാൻ കഴിഞ്ഞു. അന്വേഷണത്തിൽ സെൻട്രൽ പൊലീസ് സ്റ്റേഷനിലെ അന്വേഷണസംഘം വയനാട് നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.

എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ എസ് ജയകുമാറിന്റെ നിർദ്ദേശപ്രകാരം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ്ഇൻസ്‌പെക്ടർ കെ പി അഖിൽ, അസി സബ് ഇൻസ്‌പെക്ടർ ഷാജി. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഇഗ്‌നേഷ്യസ്, വിനോദ് ശിഹാബ്, അനീഷ് എന്നിവരും ഉണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here