മുള്‍ട്ടാന്‍ ടെസ്റ്റിലെ തോല്‍വി; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ പാകിസ്ഥാന്റെ പ്രതീക്ഷകള്‍ അവസാനിച്ചു

0

മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിലെ തോല്‍വിയോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാമെന്ന പാകിസ്ഥാന്‍ പ്രതീക്ഷ അവസാനിച്ചു. ഈ വര്‍ഷത്തെ മൂന്നാമത്തെ ടെസ്റ്റ് പരമ്പര തോല്‍വി നേരിട്ട പാകിസ്ഥാന്‍, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ 42.42 ശതമാനം പോയിന്റുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യ 4 സ്ഥാനങ്ങളിലുള്ള ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇന്ത്യ ടീമുകളാണ് ഫൈനല്‍ ബര്‍ത്തിനായി മത്സരിക്കുന്നത്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് 6 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. ആറില്‍ അഞ്ചെണ്ണം ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനലിലെത്താനാകുമെന്നാണ് വിലയിരുത്തല്‍. ബംഗ്ലാദേശിനെതിരെ രണ്ടും ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ നാലും ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യക്ക് ഇനിയുള്ളത്. ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക നേര്‍ക്കുനേര്‍ പരമ്പര ഉളളതിനാല്‍ ഒരു ടീമിന് പോയിന്റുകള്‍ കുറയാന്‍ സാധ്യതയുണ്ട്. അതും ഇന്ത്യക്ക് അനുകൂലമായേക്കും. അതേസമയം, ഓസ്‌ട്രേലിയ ഫൈനലിലെത്താനുള്ള സാധ്യത ശക്തമാണ്.

മുള്‍ട്ടാന്‍ ടെസ്റ്റില്‍ 26 റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 355 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ നാലാം ദിനം നാലിന് 198 എന്ന നിലയിലാണ് ക്രീസിലെത്തിയത്. ആറ് വിക്കറ്റ് ശേഷിക്കെ 157 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 328 റണ്‍സിന് ഓള്‍ ഔട്ടായ പാക്കിസ്ഥാന്‍ 27 റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വി വഴങ്ങി. ജയത്തോടെ ഇംഗ്ലണ്ട് മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കി. സ്‌കോര്‍ ഇംഗ്ലണ്ട് 281, 275. പാക്കിസ്ഥാന്‍ 202, 328.

LEAVE A REPLY

Please enter your comment!
Please enter your name here