ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവെച്ചു; ഗുജറാത്തിൽ ഐ.എ.എസ് ഓഫിസറെ ചുമതലകളിൽ നിന്ന് നീക്കി; സംഭവം വളരെ ഗൗരവമായാണ് കാണുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

0

ന്യൂഡൽഹി: ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ പുലിവാലുപിടിച്ചിരിക്കയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഐ.എ.എസ് ഓഫിസർ അഭിഷേക് സിങ്. ഇൻസ്റ്റഗ്രാം പോസ്റ്റിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇദ്ദേഹത്തെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരിക്കയാണ്.പബ്ലിസിറ്റിക്കു വേണ്ടിയാണ് അഭിഷേക് സിങ് ഇൻസ്റ്റഗ്രാമിൽ തന്റെ ചിത്രങ്ങൾ പങ്കുവെച്ചത്.

ഗുജറാത്തിൽ പൊതു നിരീക്ഷകനായി ജോയിൻ ചെയ്തു എന്ന് കാണിച്ചാണ് ചിത്രങ്ങൾ പങ്കുവെച്ചത്.അടുത്ത മാസം നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് നിരീക്ഷകനായാണ് യു.പി കാഡർ ഓഫിസർ ആയ അഭിഷേക് സിങ്ങിനെ നിയമിച്ചത്. അഹ്മദാബാദിലെ ബാപുനഗർ, അസർവ നിയോജക മണ്ഡലങ്ങളുടെ ചുമതലയാണ് ഏൽപിച്ചിരുന്നത്.

ഒബ്‌സർവർ എന്ന് ബോർഡ് വെച്ച ഔദ്യോഗിക കാറിൽ ചാരിനിൽക്കുന്നതിന്റെ ചിത്രമാണ് ഒന്ന്. സായുധധാരികളായ സുരക്ഷ ഉദ്യോഗസ്ഥർക്കൊപ്പമുള്ള ചിത്രമാണ് രണ്ടാമത്തേത്. സമൂഹമാധ്യമങ്ങളിൽ സജീവമായ അഭിഷേക് തന്നെ പബ്ലിക് സർവന്റ്, നടൻ, സോഷ്യൽ എൻട്രപ്രണർ എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. സമാനരീതിയിലുള്ള നിരവധി ഫോട്ടോകൾ ട്വിറ്ററിലും പങ്കുവെച്ചിട്ടുണ്ട്.

സംഭവം വളരെ ഗൗരവമായാണ് കാണുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. ഇൻസ്റ്റ പോസ്റ്റിനെ തുടർന്ന് ഉടൻ തന്നെ ഐ.എ.എസ് ഓഫിസറെ ചുമതലകളിൽ നീക്ക് ഉത്തരവിടുകയായിരുന്നു. ഗുജറാത്തിൽ സർക്കാർ അഭിഷേകിന് അനുവദിച്ച കാർ അടക്കമുള്ള എല്ലാ സൗകര്യങ്ങളും നീക്കിയിട്ടുമുണ്ട്. സിങ്ങിന് പകരം ഐ.എ.എസ് ഉദ്യോഗസ്ഥനായ കൃഷ്ണൻ ബാജ്‌പേയ് ക്ക് ആണ് ചുമതല. ഡിസംബർ ഒന്നിനും അഞ്ചിനുമാണ് ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ എട്ടിന് വോട്ടെണ്ണും.

LEAVE A REPLY

Please enter your comment!
Please enter your name here