ശബരിമല:സന്നിധാനത്തെ അക്കമഡേഷൻ ഓഫിസിലെ കമ്പ്യൂട്ടറുകൾ പണിമുടക്കിയതിനെ തുടർന്ന് തീർത്ഥാടകർക്ക് തിരക്കും ദുരിതവുമേറി

0

ശബരിമല:സന്നിധാനത്തെ അക്കമഡേഷൻ ഓഫിസിലെ കമ്പ്യൂട്ടറുകൾ പണിമുടക്കിയതിനെ തുടർന്ന് തീർത്ഥാടകർക്ക് തിരക്കും ദുരിതവുമേറി. കഴിഞ്ഞമാസ പൂജയിലടക്കം നിലനിന്ന സാങ്കേതിക തകരാർ പരിഹരിക്കാൻ മണ്ഡലപൂജക്ക് നടതുറന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും ദേവസ്വം ബോർഡിന് സാധിച്ചിട്ടില്ല.കഴിഞ്ഞ മൂന്ന് ദിവസമായി ബില്ലിങ് സംവിധാനത്തിൽ സാങ്കേതിക പ്രശ്നം ഉണ്ടായിരുന്നു.താൽക്കാലികമായി പ്രശ്നം പരിഹരിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ മുന്നോട്ട് പോയത്.എന്നാൽ, ചൊവ്വാഴ്ച ഉച്ചക്കുശേഷം കമ്പ്യൂട്ടർ സംവിധാനങ്ങൾ പൂർണമായും പണിമുടക്കിയതാണ് തീർത്ഥാടകരെ വലച്ചത്.

കമ്പ്യൂട്ടറുകൾ പണിമുടക്കിയതോടെ അക്കമഡേഷൻ ഓഫിസിന് മുന്നിൽ ഭക്തരുടെ നീണ്ടനിര രൂപപ്പെട്ടു.മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാൻ സാധിക്കാതെ വന്നതോടെ ഭക്തരുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉയർന്നു.ഇതോടെ കൈകൊണ്ട് തയാറാക്കിയ ബില്ലുകൾ നൽകി ഭക്തരുടെ പ്രതിഷേധം ഒഴിവാക്കാനുള്ള ശ്രമം ദേവസ്വം ബോർഡ് നടത്തി.എന്നാൽ, ജി.എസ്.ടി അടക്കം രേഖപ്പെടുത്തി ബില്ല് തയാറാക്കുന്നതിലുള്ള കാലതാമസം തീർത്ഥാടകർക്ക് ഇരട്ടി ദുരിതമായി.

അതേ സമയം 2018ലെ ബില്ലിലെ സീരിയസ് നമ്പറാണ് ഇപ്പോഴത്തെ ബില്ലിലും അടിച്ച് വരുന്നത്.ബില്ലിലെ സീരിയൽ നമ്പറുകൾ ആവർത്തിച്ചതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് ബോർഡിന്റെ വിശദീകരണം.മറ്റ് മാർഗങ്ങൾ ഇല്ലാതെ വന്നതോടെ 2018ലെ സീരിയൽ നമ്പറിനൊപ്പം പുതിയ രണ്ടക്ക നമ്പർകൂടി ചേർത്ത് ബില്ല് നൽകിയാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരം കണ്ടത്.

Leave a Reply