നാത്തൂന്‍ പോര്‌! രണ്ടു ടീമില്‍; ജഡേജയുടെ ഭാര്യയും സഹോദരിയും പൊരിഞ്ഞ ഏറ്റുമുട്ടലില്‍

0


രാജ്‌കോട്ട്‌: ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ ക്രിക്കറ്റ്‌ താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയും സഹോദരി നൈനബയും പൊരിഞ്ഞപോരില്‍. കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നൈനബ, ജാംനഗറില്‍നിന്നുള്ള ബി.ജെ.പി സ്‌ഥാനാര്‍ഥിയായ സഹോദരഭാര്യക്കെതിരേ നിയമലംഘനം ആരോപിച്ചാണ്‌ രംഗത്തെത്തിയത്‌.
പ്രചാരണത്തിനായി റിവാബ കുട്ടികളെ കൂട്ടാറുണ്ടെന്നും കുട്ടികളെ ക്രിക്കറ്റ്‌ യൂണിഫോം ധരിച്ചിപ്പിച്ചാണ്‌ പ്രചാരണമെന്നും നൈനബ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. ഈ കുട്ടികളില്‍ പലരും 10 വയസിന്‌ താഴെയുള്ളവരാണ്‌. ഇത്‌ ബാലവേലയ്‌ക്ക്‌ തുല്യമാണെന്നും നൈനബ ആരോപിച്ചു.
സാമൂഹിക പ്രവര്‍ത്തകനായ സുഭാഷ്‌ ഗുജറാത്ത്‌ ജില്ലാ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌. അവര്‍ നിഷ്‌പക്ഷമായി അന്വേഷിക്കുമോ എന്ന്‌ നോക്കാം- നൈനബ പറഞ്ഞു.
അതേസമയം, ആരോപണം ഉന്നയിച്ചത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനാണെന്നും ഭാര്യാസഹോദരിയല്ലെന്നും റിവാബ പറഞ്ഞു. നിയോജക മണ്ഡലത്തിലെ സ്‌ത്രീകളെയും യുവാക്കളെയും ശാക്‌തീകരിക്കുന്നതിനുള്ള നിരവധി പ്രചാരണങ്ങളില്‍ താന്‍ മുമ്പും സജീവമായി ഏര്‍പ്പെട്ടിട്ടുണ്ടെന്നും റിവാബ പറഞ്ഞു.
വിവാഹം കഴിഞ്ഞ്‌ ആറുവര്‍ഷമായിട്ടും പേരുമാറ്റാത്ത റിവാബ തെരഞ്ഞെടുപ്പ്‌ ഫോമില്‍ തന്റെ പേര്‌ റിവാബ സോളങ്കി (രവീന്ദ്രസിന്‍ഹ്‌) എന്ന്‌ പരാമര്‍ശിച്ചതായും നൈനബ ആരോപിച്ചു. പേര്‌ പബ്ലിസിറ്റിക്ക്‌ വേണ്ടി ഉപയോഗിക്കണോ എന്ന േചാദ്യവും അവര്‍ ഉയര്‍ത്തി.

Leave a Reply