മരുമകന്‍ കോടികള്‍ തട്ടിയെടുത്തെന്ന്‌ പ്രവാസി വ്യവസായി

0


ആലുവ: പ്രവാസി വ്യവസായിയില്‍നിന്നു മരുമകന്‍ 108 കോടിയിലധികം രൂപയും 1,000 പവനും തട്ടിയെടുത്തെന്നു പരാതി. ആലുവ തൈനോത്തില്‍ റോഡില്‍ അബ്‌ദുള്‍ ലാഹിര്‍ ഹസനാണ്‌ കാസര്‍കോഡ്‌ സ്വദേശിയായ മരുമകന്‍ മുഹമ്മദ്‌ ഹാഫിസിനെതിരേ പരാതി നല്‍കിയത്‌. മുന്‍ ഡി.ഐ.ജി: പി.കെ. മുഹമ്മദ്‌ ഹസന്റെ മകനാണ്‌ അബ്‌ദുള്‍ ലാഹിര്‍ ഹസന്‍.
തട്ടിപ്പിനായി മഹാരാഷ്‌ട്ര മന്ത്രി മംഗള്‍ പ്രതാപ്‌ ലോധയുടെ കമ്പനിയുടെ പേരില്‍ വ്യാജ രേഖകള്‍ ചമച്ചെന്നും പരാതിയില്‍ പറയുന്നു. കേസ്‌ ക്രൈംബ്രാഞ്ചിനു കൈമാറി.
കാസര്‍ഗോഡ്‌ കുതിരോളി ബിള്‍ഡേഴ്‌സ്‌ എന്ന കരാര്‍ കമ്പനി നടത്തുന്ന ചെര്‍ക്കള മുഹമ്മദ്‌ ഷാഫിയുടെ മകനാണ്‌ മുഹമ്മദ്‌ ഹാഫിസ്‌. അഞ്ചു വര്‍ഷം മുമ്പായിരുന്നു അബ്‌ദുള്‍ ലാഹിര്‍ ഹസന്റെ മകളുമായുളള വിവാഹം.
കമ്പനിയില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ റെയ്‌ഡ്‌ നടന്നുവെന്നു പറഞ്ഞു പിഴ അടയ്‌ക്കാനെന്ന പേരില്‍ 3.9 കോടി രൂപ വാങ്ങിയാണ്‌ തട്ടിപ്പിന്റെ തുടക്കം. ബംഗളൂരുവില്‍ ബ്രിഗേഡ്‌ റോഡില്‍ കെട്ടിടം വാങ്ങാനെന്നു പറഞ്ഞു പണം വാങ്ങിയെങ്കിലും നല്‍കിയത്‌ വ്യാജരേഖകളായിരുന്നു. രാജ്യാന്തര ഫുട്‌വെയര്‍ ബ്രാന്‍ഡിന്റെ ഷോറും, കിഡ്‌സ്‌ വെയര്‍ ശൃംഖലയില്‍ നിക്ഷേപം തുടങ്ങി വിവിധ കാരണങ്ങള്‍ പറഞ്ഞു പിന്നീട്‌ പണം തട്ടിയെടുത്തു.
ബോളിവുഡ്‌ താരം സോനം കപൂറിനെന്ന പേരില്‍ 35 ലക്ഷം രൂപയോളം ചെലവാക്കി വസ്‌ത്രം ഡിസെന്‍ ചെയ്യിച്ചു ബൊത്തിക്‌ ഉടമയായ ഭാര്യാ മാതാവിനെ കബളിപ്പിച്ചെന്നും പരാതിയുണ്ട്‌. വിവാഹത്തിനു നല്‍കിയ 1000 പവന്‍ സ്വര്‍ണവും വജ്രവുമടങ്ങുന്ന ആഭരണങ്ങള്‍ വിറ്റു. വിവിധ പദ്ധതികളുടെ പേരില്‍ പുറത്തുനിന്നും നൂറു കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും ലാഹിര്‍ ഹസന്‍ പറയുന്നു
മുഹമ്മദ്‌ ഹാഫിസ്‌, അക്ഷയ്‌ തോമസ്‌ വൈദ്യന്‍ എന്ന സുഹൃത്തുമായി ചേര്‍ന്നാണ്‌ തട്ടിപ്പ്‌ ആസൂത്രണം ചെയ്‌തിരുന്നതെന്നും പരാതിയില്‍ പറയുന്നു. കൊച്ചിയില്‍ മീഡിയ ഏജന്‍സി നടത്തിയിരുന്ന ഇയാളുമായി ചേര്‍ന്ന്‌ പുതിയ ബിസിനസ്‌ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ നല്‍കിയാണ്‌ സംരംഭകരെ വിശ്വസിപ്പിച്ചിരുന്നത്‌.
ആരംഭിക്കാത്ത പദ്ധതികളെക്കുറിച്ച്‌ ഫോബ്‌സ്‌ മാസികയുടെ ഓണ്‍ലൈനിലടക്കം വാര്‍ത്തകള്‍ വരുത്തിയിരുന്നു. തട്ടിപ്പ്‌ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന്‌ നടത്തിയ അന്വഷണത്തില്‍ മുഹമ്മദ്‌ ഹാഫിസിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റും ഇയാള്‍ അയച്ചുനല്‍കിയിരുന്ന രേഖകളുമെല്ലാം വ്യാജമാണെന്നു കണ്ടെത്തിയെന്നും ലാഹിര്‍ ഹസന്‍ പറഞ്ഞു. തട്ടിപ്പു സംഭവങ്ങളില്‍ മറ്റുള്ളവരുടെ പേരില്‍ മൊബെല്‍ ചാറ്റുകളും കോളുകളും നടത്തിയിരുന്നത്‌ ഇയാള്‍ തന്നെയാണെന്ന്‌ വ്യക്‌തമായി.

LEAVE A REPLY

Please enter your comment!
Please enter your name here