ഇറാനെ വീഴ്‌ത്തി ഇംഗ്ലീഷ്‌ പടയോട്ടം

0


ദോഹ: ഇംഗ്ലണ്ടിനു വേണ്ടി ലോകകപ്പില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോഡുമായാണ്‌ ജൂഡ്‌ ബെല്ലിങാം ഖലീഫ ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയം വിട്ടത്‌. 19 വര്‍ഷവും 145 ദിവസവും പ്രായമായിരിക്കേയാണു ബെല്ലിങാമിന്റെ ഗോളെത്തിയത്‌.
മൈക്കിള്‍ ഓവന്‍ 1998 ല്‍ നേടിയ റെക്കോഡാണ്‌ ഒന്നാമത്‌. 18 വര്‍ഷവും 190 ദിവസവും പ്രായമുള്ളപ്പോഴാണു മൈക്കിള്‍ ഓവന്‍ ഗോളടിച്ചത്‌. ഇംഗ്ലണ്ട്‌ 2018 ലോകകപ്പിലെ സെമി ഫൈനലില്‍ തോറ്റു പുറത്താകുമ്പോള്‍ 14 വയസുകാരനായിരുന്നു ബെല്ലിങാം. ഖത്തറിലെ ആദ്യ മത്സരം കളിക്കുമ്പോള്‍ ഗാരേത്‌ സൗത്ത്‌ഗേറ്റിന്റെ ശിഷ്യന്‍മാര്‍ തുടര്‍ച്ചയായി ആറ്‌ അപരാജിത മത്സരങ്ങള്‍ കഴിഞ്ഞിരുന്നു. യോഗ്യതാ റൗണ്ടിലെ (എട്ട്‌ ജയവും രണ്ട്‌ സമനിലയും) അപരാജിത മികവും അവര്‍ക്കു മുതല്‍ക്കൂട്ടായി.
ജര്‍മനിക്കെതിരേ കളിച്ച ടീമില്‍നിന്നു നാലു മാറ്റങ്ങളാണ്‌ ഗൗത്ത്‌ഗേറ്റ്‌ വരുത്തിയത്‌. ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോഡ്‌, കെയ്‌റോണ്‍ ട്രിപിയര്‍, സാക, മാസണ്‍ മൗണ്ട്‌ എന്നിവര്‍ സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ കയറി. ഫില്‍ ഫോഡന്‍, പോപെ, ഡിയര്‍ എന്നിവര്‍ ബെഞ്ചിലിരുന്നു. നിക്കരാഗ്വേയ്‌ക്കെതിരേ കളിച്ച ടീമില്‍നിന്ന്‌ എട്ടു മാറ്റങ്ങളാണു ക്വീറോസ്‌ വരുത്തിയത്‌. ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ തുടക്കം മുതല്‍ ഇംഗ്ലീഷ്‌ മുന്നേറ്റം തടയാനാണു ശ്രദ്ധിച്ചത്‌.
നാലാം മിനിറ്റിലെ ഒരു കോര്‍ണറിനിടെ ഹാരി മഗ്വീറിനെ ചെഷ്‌മി വലിച്ചു താഴെയിട്ടെങ്കിലും പെനാല്‍റ്റി ലഭിച്ചില്ല. പിന്നാലെയാണ്‌ ഇറാനി ഗോള്‍ കീപ്പറിനു പരുക്കേറ്റത്‌്. 29-ാം മിനിറ്റിലാണ്‌ ഇംഗ്ലണ്ടിന്റെ ആദ്യ നല്ല അവസരം വന്നത്‌. ബോക്‌സിന്റെ വലതു ഭാഗത്തുനിന്നു സാക നല്‍കിയ മാസണ്‍ മൗണ്ടിനു കിട്ടി. മൗണ്ടിന്റെ ഷോട്ട്‌ ലക്ഷ്യത്തിലെത്തിയില്ല. പിന്നാലെ മഗ്വീറിന്റെ ഹെഡര്‍ ഗോള്‍ പോസ്‌റ്റില്‍ തട്ടി മടങ്ങി. 36-ാം മിനിറ്റില്‍ പന്ത്‌ ലക്ഷ്യത്തിലെത്തി. ഇടതുവിങ്ങില്‍നിന്ന്‌ ലൂക്‌ ഷോ നല്‍കിയ ക്രോസ്‌ ജൂഡ്‌ ബെല്ലിങാം ഹെഡറിലൂടെ ഗോളാക്കി. താരത്തിന്റെ ഇംഗ്ലീഷ്‌ കരിയറിലെ ആദ്യ ഗോള്‍.
ഒന്നാം പകുതിയുടെ അവസാന മിനിറ്റില്‍ ഇംഗ്ലണ്ട്‌ ലീഡ്‌ ഇരട്ടിയാക്കി. ട്രിപിയര്‍ എടുത്ത കോര്‍ണര്‍ മാഗ്വീര്‍ ഹെഡ്‌ ചെയ്‌തു സാകയ്‌ക്കു നല്‍കി. ഇറാന്‍കാര്‍ നോക്കി നില്‍ക്കേ സാക ലക്ഷ്യം കണ്ടു. ഇഞ്ചുറി ടൈമില്‍ കെയ്‌ന്‍ എത്തിച്ചു നല്‍കിയ പന്ത്‌ റഹിം സ്‌റ്റെര്‍ലിങ്‌ വലയിലാക്കി. രണ്ടാം പകുതിയിലും ഇറാന്‍ താരങ്ങള്‍ തിരിച്ചടിക്കാന്‍ വിയര്‍ത്തു. 62-ാം മിനിറ്റില്‍ സാകയുടെ രണ്ടാം ഗോളെത്തി. സ്‌റ്റെര്‍ലിങ്‌ എത്തിച്ചു നല്‍കിയ പന്ത്‌ സാക ഇറാന്‍ പ്രതിരോധക്കാരെ വട്ടംചുറ്റിച്ചു ഗോളിലേക്കു തൊടുത്തു. 65-ാം മിനിറ്റില്‍ താരാമി ഒരു ഗോള്‍ മടക്കി. ഘോലിസാദിന്റെ ക്രോസിനെ ഇംഗ്ലീഷ്‌ പ്രതിരോധം വെറുതെ വിട്ടതു താരാമി മുതലാക്കി. പിക്‌ഫോഡിന്‌ അവസരം നല്‍കാതെ പന്ത്‌ വലയില്‍. 71-ാം മിനിറ്റില്‍ പകരക്കാരന്‍ മാര്‍കസ്‌ റാഷ്‌ഫോഡും ഗോളടിച്ചു. പിച്ചിലെത്തി 26 -ാം സെക്കന്‍ഡിലാണു റാഷ്‌ഫോഡിന്റെ ഗോള്‍ വീണത്‌. കൃത്യം 90-ാം മിനിറ്റില്‍ ജാക്ക്‌ ഗ്രിലീഷിന്റെ ഗോളുമെത്തി. ഇഞ്ചുറി ടൈമിന്റെ 12-ാം മിനിറ്റില്‍ ഇറാന്‍ ഒരു ഗോള്‍ മടക്കി. ബോക്‌സിലേക്കു കുതിച്ച താരാമിയെ സ്‌റ്റോണ്‍സ്‌ പിടിച്ചു നിര്‍ത്തിയതിനു റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത താരാമിക്കു പിഴച്ചില്ല. വെയ്‌ല്‍സും യു.എസുമാണ്‌ ഇംഗ്ലണ്ടിന്റെ അടുത്ത എതിരാളികള്‍

LEAVE A REPLY

Please enter your comment!
Please enter your name here