മൂന്നാറിൽ തുറന്ന് വിട്ടാല്‍ വീണ്ടും എത്തിയേക്കുമോയെന്ന് ആശങ്ക; കൂട്ടിൽ കുടുങ്ങിയ കടുവയെ എവിടെ തുറന്നുവിടുമെന്നതിൽ തീരുമാനം ഇന്ന്

0

ഇടുക്കി: മൂന്നാറിൽ കൂട്ടിൽ കുടുങ്ങിയ കടുവയെ തുറന്നു വിടുന്നതിൽ ആശങ്ക. എവിടേക്ക് കടുവയെ തുറന്നുവിടുമെന്നതാണ് സങ്കീര്‍ണമായ പ്രശ്‌നം. ആരോഗ്യ കാര്യങ്ങള്‍ പരിശോധിക്കുന്ന കമ്മിറ്റി പ്രധാനമായും കണ്ടെത്താന്‍ ശ്രമിക്കുന്നത് കാട്ടിലേക്ക് തുറന്നുവിട്ടാല്‍ സ്വമേധയാ ജീവിക്കാനുള്ള ശേഷി ഉണ്ടോ എന്നതാണ്. മൂന്നാറില്‍ ജനവാസ മേഖലയായതിനാല്‍ തന്നെ അതിനോട് ചേര്‍ന്നുള്ള കാട്ടില്‍ തുറന്ന് വിട്ടാല്‍ വീണ്ടും എത്തിയേക്കുമോ എന്ന ആശങ്കയുണ്ട്.

തേക്കടിയിലെ പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ തുറന്നുവിടാനുള്ള സാധ്യത പരിശോധിക്കും. നയമക്കാട് മേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പത്തോളം പശുക്കളെ കൊന്നിരുന്നു. അസാധാരണമായി പെരുമാറുന്ന സ്വഭാവമാണ് കടുവ പ്രകടിപ്പിച്ചിരുന്നത്. നയമക്കാട് നിന്ന് കടലാര്‍ മേഖലയിലേക്ക് പോയ ശേഷം തിരികെ വരികയായിരുന്നുവെന്നാണ് അനുമാനം.

എന്നാല്‍ കടലാറില്‍ കണ്ടത് ഇതേ കടുവയെയാണോ എന്ന് സ്ഥിരീകരിക്കാന്‍ കാല്‍മുദ്ര ഉള്‍പ്പടെ പരിശോധിക്കും. നയമക്കാട് പ്രദേശത്ത് അഞ്ച് പശുക്കളെ ആക്രമിച്ച തൊഴുത്തിന് സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കാട്ടില്‍ വേട്ടയാടി ജീവിക്കാനുള്ള ആരോഗ്യമുണ്ടെന്നാണ് കടുവയെ കുറിച്ചുള്ള പ്രാഥമിക നിഗമനത്തില്‍ വെറ്റിനറി സര്‍ജന്‍മാര്‍ പറയുന്നത്.

പ്രായപൂര്‍ത്തിയായ ആരോഗ്യമുള്ള കടവയായിരുന്നിട്ടും എന്തുകൊണ്ടാണ് നാട്ടിലെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചതെന്നും പരിശോധിക്കുന്നുണ്ട്. ആക്രമിക്കപ്പെട്ട മൃഗങ്ങളുടെ ശരീരത്തിലെ മുറിവ് പരിശോധിച്ചതില്‍ നിന്ന് കടുവയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നമുള്ളതായി സൂചനയില്ല.

വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ആണ് കടുവ ഇന്നലെ രാത്രിയിൽ കുടുങ്ങിയത്. ജനവാസ മേഖലയിലിറങ്ങിയ കടുവ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കി ഭീതി പടർത്തുകയായിരുന്നു. രാത്രി എട്ടരമണിയോടെയാണ് കടുവയെ പിടികൂടിയത്. കടുവയുടെ ആരോഗ്യ കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here