കണ്ണഞ്ചിപ്പിക്കുന്ന വാസ്‌തുവിദ്യയിൽ പതിനാറ് പ്രതിഷ്ഠകൾ; ദുബായിയിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിച്ചു

0

ദുബായ് : ജബല്‍ അലിയിലെ ഏറ്റവും പുതിയ ഹിന്ദു ക്ഷേത്രത്തിന്റെ വാതിലുകള്‍ വിശ്വാസികള്‍ക്കായി ചൊവ്വാഴ്ച്ച തുറന്നു. യു എ ഇ സഹിഷ്ണുത സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ വിളക്ക് കൊളുത്തി ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പ്രധാന പ്രാര്‍ത്ഥനാ ഹാളിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ശൈഖ് നഹ്യാനോടൊപ്പം ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ (സിഡിഎ) സോഷ്യല്‍ റെഗുലേറ്ററി ആന്‍ഡ് ലൈസന്‍സിംഗ് ഏജന്‍സി സിഇഒ ഡോ.ഒമര്‍ അല്‍ മുത്തന്ന, ക്ഷേത്രം ട്രസ്റ്റി രാജു ഷ്രോഫ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അബ്ദുള്‍ കരീം ജുല്‍ഫര്‍ എന്നിവര്‍ സംബന്ധിച്ചു.

വിവിധ നയതന്ത്ര ഉദ്യോഗസ്ഥര്‍,മതനേതാക്കള്‍, ബിസിനസ്സ് ഉടമകള്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 200-ലധികം പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. രാജു ഷ്രോഫ് സ്വാഗതം പറഞ്ഞു. യുഎഇ മുന്നോട്ടുവയ്ക്കുന്ന സഹിഷ്ണുതയും മതേതരചിന്തയും അന്വര്‍ഥമാക്കി സിഖ് ഗുരുദ്വാരയോടും ക്രിസ്ത്യന്‍ പള്ളികളോടും ചേര്‍ന്നാണ് പുതിയ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.

പരമശിവനാണ് മുഖ്യപ്രതിഷ്ഠ. സ്വാമി അയ്യപ്പന്‍, ഗുരുവായൂരപ്പന്‍ തുടങ്ങി ആകെ പതിനാറ് പ്രതിഷ്ഠകളുണ്ട്. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്. ജബല്‍ അലിയില്‍ പുതിയ ക്ഷേത്രവും ഏഴ് പള്ളികളും ഉള്‍പ്പെടെ നിലവില്‍ ഒമ്പത് ആരാധനാലയങ്ങളുണ്ട്. 2012-ല്‍ തുറന്ന ഗുരുദ്വാരയോട് ചേര്‍ന്നാണ് പുതിയ ക്ഷേത്രം. ഇത് യുഎഇയിലെ ഹിന്ദു സമൂഹത്തിന്റെ മതപരമായ അഭിലാഷങ്ങള്‍ നിറവേറ്റുമെന്ന് സഞ്ജയ് സുധീര്‍ പറഞ്ഞു.

മഹാമാരിയിലും ദുബായ് ഗവണ്‍മെന്റിന്റെ പിന്തുണ കാരണം നിര്‍മ്മാണമൊന്നും തടസ്സപ്പെട്ടില്ല. യുഎഇയിലുടനീളമുള്ള ഇന്ത്യക്കാരുടെ സ്വപ്ന സാക്ഷാത്കാരമാണ് ക്ഷേത്രമെന്ന് ഷ്രോഫ് പറഞ്ഞു. സെപ്റ്റംബറില്‍ ഏകദേശം 200,000 ആളുകള്‍ ക്ഷേത്രം സന്ദര്‍ശിച്ചതായി ഷ്രോഫ് വിശദീകരിച്ചു. ക്ഷേത്ര സന്ദര്‍ശനത്തിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ദുബായിയിലെ ഏറ്റവും വലിയ ക്ഷേത്രമാണിത് .

LEAVE A REPLY

Please enter your comment!
Please enter your name here