പ്രതികാര നടപടി, കീവിൽ ഉൾപ്പെടെ പ്രയോഗിച്ചത് 84 മിസൈലുകള്‍; റഷ്യൻ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി

0

കീവ്: യുക്രൈന്‍റെ തലസ്ഥാനമായ കീവിലുള്‍പ്പെടെ വിവിധ പട്ടണങ്ങളില്‍ റഷ്യയുടെ കനത്ത മിസൈല്‍ അക്രമണത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ഒരിടവേളക്കു ശേഷമുണ്ടായ ഏറ്റവും തീവ്രമായ ആക്രമണത്തില്‍ തിങ്കളാഴ്ച മാത്രം 84 മിസൈലുകള്‍ റഷ്യ പ്രയോഗിച്ചതായും ഇതില്‍ 43 എണ്ണം പ്രതിരോധിച്ചതായും യുക്രൈന്‍ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

റഷ്യന്‍ നടപടിയെ യുഎസും ഐക്യരാഷ്ട്ര സഭയും അപലപിച്ചു. ഒരു സര്‍വകലാശാലയും കുട്ടികളുടെ കളിസ്ഥലവും ഉള്‍പ്പെടെയുള്ള സൈനികേതര ലക്ഷ്യങ്ങളില്‍ റഷ്യന്‍ മിസൈലുകള്‍ പതിച്ചതായും ക്രൂരമായ ആക്രമണമാണ് നടന്നതെന്നും യുഎസ് ചൂണ്ടിക്കാട്ടി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം യുക്രെയ്ന് നല്‍കുമെന്ന് അറിയിച്ചു.

ആക്രമണം തന്നെ ഞെട്ടിച്ചുവെന്ന് റഷ്യന്‍ നടപടിയെ അപലപിച്ചുകൊണ്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെര്‍ച് പാലം കഴിഞ്ഞദിവസം യുക്രൈന്‍ സ്‌ഫോടനത്തില്‍ തകര്‍ത്തിരുന്നു. ഇതിനുള്ള പ്രതികാരമാണ് റഷ്യയുടെ ആക്രമണമെന്നാണ് റഷ്യന്‍ പ്രസിഡന്റ് പുതിന്‍ പറയുന്നത്. യുക്രൈന്റെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള മറുപടിയാണിത്.

അതിര്‍ത്തിയില്‍നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള കുര്‍സ്‌ക് ആണവ നിലയത്തിനുനേരെ യുക്രൈന്‍ മൂന്നുതവണ ആക്രമണം നടത്തിയെന്നും തുര്‍ക് സ്ട്രീം വാതക പൈപ്പ്ലൈന്‍ തകര്‍ക്കാന്‍ ശ്രമിച്ചെന്നും പുതിന്‍ ആരോപിച്ചു. നിരവധി നഗരങ്ങള്‍ ആക്രമിക്കപ്പെട്ടെന്നും യുക്രൈനെ തുടച്ചുനീക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി ആരോപിച്ചു. റഷ്യ ലക്ഷ്യമിടുന്നത് ഊര്‍ജ വിതരണ സംവിധാനങ്ങളെയും സാധാരണക്കാരായ ജനങ്ങളെയുമാണെന്ന് സെലെന്‍സ്‌കി പറഞ്ഞു.

അതിനിടെ റഷ്യ ഉടന്‍ യുക്രെയ്നില്‍ നിന്ന് പിന്മാറണമെന്ന് ഐക്യരാഷ്ട്രസഭയില്‍ പ്രമേയം അവതരിപ്പിച്ചു. റഷ്യ പിടിച്ചടക്കിയ പ്രദേശങ്ങള്‍ യുക്രെയ്ന് വിട്ടുനല്‍കണമെന്നാണ് ആവശ്യം. ഇതില്‍ രഹസ്യ വോട്ടെടുപ്പ് വേണമെന്ന റഷ്യയുടെ ആവശ്യം തള്ളി. അത്യാധുനിക വ്യോമ പ്രതിരോധസംവിധാനം യുക്രെയ്ന് നല്‍കുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here