നേതാവ് ആരെന്നത് മാധ്യമങ്ങളുടെ ചോദ്യമാണ്, ജനങ്ങളുടെയല്ല; രാജ്യത്ത് ഐക്യമുണ്ടാക്കണം-യോഗേന്ദ്ര യാദവ്

0

കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യയിലെ ജനകീയ മുന്നേറ്റങ്ങളുടെ മുന്നണിയിൽ തന്നെയുണ്ട് യോഗേന്ദ്ര യാദവ്. 2011-ലെ അഴിമതി വിരുദ്ധ മുന്നേറ്റത്തിലും ഡൽഹി അതിർത്തിയെ പ്രകമ്പനം കൊള്ളിച്ച കർഷക സമരത്തിലും നമുക്ക് യോഗേന്ദ്ര യാദവിനെ കാണാം. കർഷക സമര വിജയത്തിന് ശേഷം പുതിയൊരു മുന്നേറ്റത്തിന്റെ ഭാഗമാവുകയാണ് ഇപ്പോൾ യോഗേന്ദ്ര യാദവ്. കർഷക സമരത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ചയുടെ കോർഡിനേഷൻ കമ്മിറ്റിയിൽ നിന്ന് രാജിവച്ച് കോൺഗ്രസ് നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാൻ പോകുന്ന യോഗേന്ദ്ര യാദവ് തന്റെ നിലപാടുകൾ പങ്കുവയ്ക്കുന്നു.

പ്രതിപക്ഷ ഐക്യത്തിനും ബിജെപിയെ പരാജയപ്പെടുത്തുന്നതിനും വേണ്ടി താങ്കൾ പുതിയൊരു തുടക്കമിടുകയാണല്ലോ. എന്താണ് അതിനെ കുറിച്ച് പറയാനുള്ളത്?

ഞാൻ പുതിയൊരു തുടക്കമിടുകയല്ല. രാഷ്ട്രീയ പാർട്ടികളും ജനകീയ മുന്നേറ്റങ്ങളും തമ്മിലൊരു പാലം തീർക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അത്തരമൊരു പാലം ഇന്ന് ആവശ്യമാണ്. കാരണം രാജ്യത്തെയും ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കണമെന്നാഗ്രഹിക്കുന്ന ശക്തികൾ ഇപ്പോൾ വിഘടിച്ച് നിൽക്കുകയാണ്. അതിൽ എറ്റവും വലുത് രാഷ്ട്രീയ പാർട്ടികളാണ്. അവർ അവരാൽ തന്നെ നയിക്കപ്പെടുകയാണ് ഇപ്പോൾ. മറുഭാഗത്ത് ചെറിയ ജനകീയ മുന്നേറ്റങ്ങളാണ് ഉള്ളത്. ഇവ രണ്ടിനെയും ഒരുമിച്ച് കൊണ്ട് വരേണ്ടതുണ്ട്. കാരണം നമ്മുടെ ജനാധിപത്യ, മതേതര രാജ്യത്തിന്റെ നിലനിൽപ്പ് വെല്ലുവിളി നേരിടുകയാണ്. അതിനെ നമുക്ക് സംരക്ഷിക്കണം. അതിനാലാണ് ഇവ തമ്മിലൊരു പാലം തീർക്കേണ്ടത്. ഞാനും വിവിധ സംഘടനകളും വ്യക്തികളും ബുദ്ധി ജീവികളും ഉൾപ്പെടെയുള്ളവർ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നതും ഭാഗമാകുന്നതും ഇത്തരത്തിലൊന്ന് രാജ്യം ആവശ്യപ്പെടുന്നത് കൊണ്ടാണ്.

പക്ഷെ ബിജെപിയെ പരാജയപ്പെടുത്തുന്നതിന് പ്രതിപക്ഷത്തിന് ഒരു നേതാവ് ആവശ്യമല്ലേ. ആരാണ് നിങ്ങളുടെ നേതാവ്?

ബിജെപിയെ പരാജയപ്പെടുത്തുകയല്ല ഭാരത് ജോഡോ യാത്രയുടെ ഉദ്ദേശം. രാജ്യത്ത് ഒരു ഐക്യം ഉണ്ടാക്കുകയെന്നതാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം, ജനങ്ങളിൽ ആത്മവിശ്വാസം ഉണ്ടാക്കണം. പുതിയ ആശയങ്ങളും മൂല്യങ്ങളും തീർക്കണം. സംസ്കാരത്തിന്റെ മൂല്യങ്ങൾ പുതിയ ഭാഷയിൽ പുതുക്കി പണിയണം. അതു കഴിഞ്ഞാൽ തിരഞ്ഞെടുപ്പ് വെല്ലുവിളി മുന്നിൽ വരും. ഇതെല്ലാം പ്രധാനപ്പെട്ടതാണ്. ഇപ്പോൾ ഞങ്ങളിൽ ചിലർ ഇതിന്റെ ആദ്യ ചുവട് വയ്ക്കുകയാണ്. നേതാക്കളും പ്രധാനപ്പെട്ടതാണ്. പക്ഷെ ആദ്യ പടി ജനങ്ങളിൽ ഊർജ്ജം സൃഷ്ടിക്കപ്പെടുകയെന്നതാണ്.

Leave a Reply