യു.എ.പി.എ കേസിൽ കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കരുതെന്ന് ഉത്തർപ്രദേശ് സർക്കാർ

0

ന്യൂഡൽഹി: യു.എ.പി.എ കേസിൽ കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കരുതെന്ന് ഉത്തർപ്രദേശ് സർക്കാർ. ജാമ്യത്തിൽ ഇറങ്ങിയാൽ കേസിലെ സാക്ഷിയായ മലയാളി മാധ്യമ പ്രവർത്തകന് ഭീഷണിയാണെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു.

രാജ്യവ്യാപകമായി വർഗീയ സംഘർഷങ്ങളും ഭീകരതയും വളർത്തുന്നതിന് നടന്ന ഗൂഡലോചനയുടെ ഭാഗമാണ് സിദ്ദീഖ് കാപ്പനെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ഉത്തർപ്രദേശ് സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സിദ്ദീഖ് കാപ്പനെതിരേ തെളിവ് നൽകിയവരുടെ ജീവന് ഭീഷണിയുണ്ടെന്നാണ് ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറയുന്നത്. ഇതിൽ ഒരു സാക്ഷി ബിഹാറിൽ താമസിക്കുന്ന മാധ്യമ പ്രവർത്തകനാണ്.

ജീവന് ഭീഷണിയുള്ളതിനാൽ ഈ മാധ്യമ പ്രവർത്തകൻ നേരിട്ട് നൽകുന്നതിന് പകരം ഇ-മെയിലിലൂടെ ആണ് മൊഴി അയച്ച് നൽകിയത്. ക്രിമിനൽ നടപടി ചട്ടത്തിലെ 207-ാം വകുപ്പ് പ്രകാരം ഈ മൊഴിയുടെ പകർപ്പ് കാപ്പന് നൽകി. സിദ്ദീഖ് കാപ്പന്റെ ഭാര്യ ഉൾപ്പടെ ഈ മൊഴി പരസ്യപ്പെടുത്തിയെന്ന് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. തുടർന്ന് രൂക്ഷമായ സൈബർ ആക്രമണമാണ് മാധ്യമ പ്രവർത്തകന് എതിരെ ഉണ്ടായതെന്നും ഉത്തർപ്രദേശ് പോലീസ് ആവശ്യപ്പെട്ട പ്രകാരം ബിഹാർ പോലീസ് നിലവിൽ മാധ്യമ പ്രവർത്തകന് മുഴുവൻ സമയ സുരക്ഷ നൽകുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.

സിദ്ദീഖ് കാപ്പന് എതിരായ മൊഴി പിൻവലിക്കാൻ തനിക്ക് ഭീഷണിയും സമ്മർദ്ദവും ഉണ്ടെന്ന് വ്യക്തമാക്കി മാധ്യമ പ്രവർത്തകൻ ഉത്തർപ്രദേശ് ഡി.ജി.പിക്ക് നൽകിയ ഇ മെയിൽ സന്ദേശത്തിന്റെ പകർപ്പും സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിനൊപ്പം സുപ്രീംകോടതിക്ക് കൈമാറി

സിദ്ദീഖ് കാപ്പന് പോപ്പുലർ ഫ്രണ്ടിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും യു.പി സർക്കാർ ആരോപിക്കുന്നുണ്ട്. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ തന്റെ അക്കൗണ്ടിലേക്ക് വന്ന 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാൻ സിദ്ദിഖ് കാപ്പന് കഴിഞ്ഞിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് ഭീകര പ്രവർത്തനം നടത്താൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നൽകിയ പണം ആണെന്ന് കേസിലെ മറ്റ് പ്രതികൾ മൊഴി നൽകിയിട്ടുണ്ടെന്നും ഉത്തർപ്രദേശ് പോലീസ് അവകാശപ്പെടുന്നു.

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വെള്ളിയാഴ്ച്ച പരിഗണിക്കും.

Leave a Reply