ഞങ്ങൾ നിങ്ങളെ സ്നേഹിച്ചു, കരുതലോടെ പെരുമാറി; നിങ്ങളോ? അഫ്ഗാനോട് അക്തർ

0

ഷാർജ ∙ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ നടന്ന മത്സരത്തിനു പിന്നാലെ ഇരു ടീമുകളുടെയും ആരാധകർ ഗാലറിയിലും സ്റ്റേഡിയത്തിനു പുറത്തും തമ്മിലടിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരിക്കെ, സമൂഹമാധ്യമങ്ങളിൽ പരസ്പരം ഏറ്റുമുട്ടി പാക്കിസ്ഥാൻ താരം ശുഐബ് അക്തറും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) സിഇഒ ഷഫീഖ് സ്റ്റാനിക്സായിയും. ആവേശം വാനോളമുയർന്ന മത്സരത്തിൽ അവസാന നിമിഷം പാക്കിസ്ഥാൻ അഫ്ഗാനിൽനിന്ന് മത്സരം റാഞ്ചിയതോടെയാണ് അഫ്ഗാൻ ആരാധകർ ക്രുദ്ധരായത്. തുടർന്ന് ഇവർ പാക്ക് ആരാധകരുമായി ഏറ്റുമുട്ടിയിരുന്നു.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഫ്ഗാൻ ആരാധകർ പാക്ക് ആരാധകരെ കസേരകൊണ്ട് എറിയുന്ന വിഡിയോ സഹിതം ഷഫീഖ് സ്റ്റാനിക്സായിയെ ‘ഉപദേശിച്ച്’ അക്തർ നടത്തിയ ട്വീറ്റാണ് ഇരുവരും തമ്മിലുള്ള വാക്പോരിൽ അവസാനിച്ചത്.

‘‘ഇതൊക്കെയാണ് അഫ്ഗാൻ ആരാധകർ ചെയ്യുന്നത്. ഇതിനു മുൻപും അവർ ചെയ്തിട്ടുള്ളത് ഇതൊക്കെത്തന്നെയാണ്. ഇതു വെറുമൊരു കളി മാത്രമാണ്. അതിനെ ആ നിലയ്ക്കാണ് കാണേണ്ടത്. ഷഫീഖ് സ്റ്റാനിക്സായിയോട് ഒരു കാര്യം പറയാം. നിങ്ങൾക്ക് ഈ കളിയിൽ വളരണമെന്നുണ്ടെങ്കിൽ നിങ്ങളുടെ കളിക്കാരും ആരാധകരും ചില കാര്യങ്ങൾ പഠിച്ചേ തീരൂ’ –  ഇതായിരുന്നു അക്തറിന്റെ ട്വീറ്റ്.
അതേസമയം, അക്തറിന്റെ ‘ഉപദേശ ട്വീറ്റി’നോട് രൂക്ഷമായ ഭാഷയിലാണ് ഷഫീഖ് സ്റ്റാനിക്സായ് പ്രതികരിച്ചത്.
‘‘ജനക്കൂട്ടത്തിന്റെ വികാരങ്ങളെ നമുക്കു നിയന്ത്രിക്കാനാകില്ല. ഇത്തരം സംഭവങ്ങൾ ക്രിക്കറ്റ് ലോകത്ത് മുൻപും നടന്നിട്ടുണ്ട്. ഞങ്ങൾ എങ്ങനെയാണ് പാക്കിസ്ഥാൻകാരോടു പെരുമാറിയതെന്ന് കബീർ ഖാൻ, ഇൻസമാം ഭായ്, റാഷിദ് ലത്തീഫ് തുടങ്ങിയവരോടു ചോദിക്കൂ. അടുത്ത തവണ നിങ്ങൾക്കായി ഞാനൊരു ഉപദേശം നൽകുന്നുണ്ട്. ഇതിനെ ചെറിയ കാര്യമായി കാണരുത്’ – ഷഫീഖ് സ്റ്റാനിക്സായ് കുറിച്ചു.
അതേസമയം, അഫ്ഗാനിസ്ഥാൻ ടീമിനെയും താരങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ച് മത്സരത്തിനു തൊട്ടുപിന്നാലെയും അക്തർ രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാന് എല്ലാവിധ സ്നേഹവും പിന്തുണയും നൽകിയിട്ടും ഇതാണ് അവസ്ഥയെന്നായിരുന്നു അക്തറിന്റെ ആദ്യ പ്രതികരണം.
‘ഒരു രാജ്യമെന്ന നിലയിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടത്തിൽപ്പോലും ഞങ്ങൾ അഫ്ഗാനെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ആസിഫ് അലിയെ പുറത്താക്കിയ ശേഷമുള്ള ആ പെരുമാറ്റം എന്തായിരുന്നു? ആരാണ് അദ്ദേഹത്തെ പിടിച്ചു തള്ളിയതും അസഭ്യം പറഞ്ഞതും?’ – അക്തർ ചോദിച്ചു.
‘ഇതു ക്രിക്കറ്റാണ്. നിങ്ങൾ ഇത്തരത്തിൽ തീർത്തും മോശമായി പെരുമാറുന്നത് ശരിയല്ല. ഇതുകൊണ്ടെക്കെയാണ് സർവശക്തൻ നിങ്ങളെ ശിക്ഷിച്ചത്. ഇതുകൊണ്ടൊക്കെയാണ് ഒരു പഠാനേക്കൊണ്ട് (നസീം ഷാ) സർവശക്തൻ നിങ്ങൾക്കെതിരെ സിക്സർ അടിപ്പിച്ചത്. അതു നിങ്ങളെ വേദനിപ്പിച്ചു. നിങ്ങൾ പൊട്ടിക്കരയുകയും ചെയ്തു’ – അക്തർ പറഞ്ഞു.
‘അഫ്ഗാനിസ്ഥാൻ മികച്ച രീതിയിൽ കളിക്കുന്ന ടീമാണ്. പക്ഷേ, ഇതൊന്നും വ്യക്തിപരമായി കാണരുത്. ഞങ്ങൾ ഇന്ത്യയോടു പോലും ഇത്തരത്തിൽ പെരുമാറാറില്ല. ഇന്ത്യയുമായുള്ള കളികളിൽ സംഭവിക്കുന്ന കാര്യങ്ങൾ ഞങ്ങൾ വ്യക്തിപരമായി എടുക്കാറില്ല. മികച്ച രീതിയിലാണ് ഞങ്ങൾ എന്നും അവരോടു പെരുമാറിയിട്ടുള്ളത്. ഇവിടെ സംഭവിച്ചതോ? നിങ്ങളെ ഞങ്ങൾ സഹോദങ്ങളേപ്പോലെയാണ് കണ്ടത്. ഞങ്ങളുടെ അയൽക്കാരാണ് നിങ്ങൾ. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുകയും കരുതലോടെ പെരുമാറുകയും ചെയ്യുന്നു. നിങ്ങൾ തിരിച്ചു ചെയ്യുന്നതോ? ഇത് അംഗീകരിക്കാനാകില്ല’ – അക്തർ പറഞ്ഞു.

Leave a Reply