ആളുകൾ മരിക്കുമ്പോൾ എന്തിന് ടോൾ നൽകണം’; അപകടം ഉണ്ടായാൽ ജില്ലാ കലക്ടർമാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

0

കൊച്ചി: ദേശീയപാതകളുടെ കുഴികൾ മൂലം അപകടം ഉണ്ടായാൽ ജില്ലാ കലക്ടർമാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. മനുഷ്യനിർമ്മിത ദുരന്തങ്ങളാണിത്. ആരാണിതിന് ഉത്തരവാദികളെന്ന് കോടതി ചോദിച്ചു. ദേശീയ പാതയിലെ കുഴിയിൽ വീണ് അപകടങ്ങൾ പതിവാകുന്നതിൽ ആശങ്ക ഉണ്ടെന്നും കോടതി വ്യക്തമാക്കി.

ആളുകൾ മരിക്കുമ്പോൾ എന്തിന് ടോൾ നൽകണം. ടോൾ പിരിവ് തടയേണ്ടത് ആരാണ്? ഈ മാസം 31 തീയതി വിജിലൻസ് ഡയറക്ടർ ഓൺലൈനിൽ ഹാജരാകണമെന്നു കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കോടതി ഇടപെടലിൽ റോഡുകളുടെ നില മെച്ചപ്പെട്ടെന്ന് ദേശീയ പാത അഥോറിറ്റി മറുപടി നൽകി.

116 റോഡുകൾ പരിശോധിച്ചു, സാംപിളുകൾ പരിശോധനക്ക് അയച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് വിജിലൻസ് കോടതിയെ അറിയിച്ചു. ഇനി അപകടം ഉണ്ടായാൽ ജില്ലാ കളക്ടർമാർ വിശദീകരണം നൽകണമെന്ന് കോടതി പറഞ്ഞു. കളക്ടർമാർ സജീവമായി ഇടപെടണമെന്നും കോടതി പറഞ്ഞു. റോഡ് ഹർജി പരിഗണിക്കുന്നത് ഈ മാസം 31ലേക്ക് മാറ്റിയിട്ടുണ്ട്. അന്ന് വിജിലൻസ് ഡയറക്ടർ ഓൺലൈനിൽ ഉണ്ടാകണം എന്ന് കോടതി നിർദ്ദേശിച്ചു.

കോടതിയുടെ നിർദ്ദേശപ്രകാരം തൃശൂർ, എറണാകുളം കലക്ടർമാർ റിപ്പോർട്ട് നൽകിയിരുന്നു. മണ്ണുത്തി കറുകുറ്റി ദേശീയപാതയിൽ വീഴ്ച സംഭവിച്ചതായി തൃശൂർ കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. റോഡ് പണി നടക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട ആരും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here