പ്രവാചകനിന്ദ നടത്തിയെന്ന കേസില്‍ നിയമ നടപടി നേരിടുന്ന നുപുര്‍ ശര്‍മ്മയെ വധിക്കാനെത്തിയ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ അറസ്റ്റിലായെന്ന് ഉത്തര്‍പ്രദേശ് പോലീസ്

0

ലക്‌നൗ: പ്രവാചകനിന്ദ നടത്തിയെന്ന കേസില്‍ നിയമ നടപടി നേരിടുന്ന ബി.ജെ.പി നേതാവ് നുപുര്‍ ശര്‍മ്മയെ വധിക്കാനെത്തിയ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ അറസ്റ്റിലായെന്ന് ഉത്തര്‍പ്രദേശ് പോലീസ്. മുഹമ്മദ് നദീം എന്നയാളെയാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ യു.പിയിലെ സഹരണ്‍പുര്‍ കുണ്ഡകാല സ്വദേശിയാണ്.

ഇയാളുമായി പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ്, തെഹ്‌രികെ താലിബാന്‍ എന്നിവയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് യു.പി പോലീസിലെ ഭീകര വിരുദ്ധ സ്‌ക്വാഡ് പറയുന്നു.

25കാരനായ മുഹമ്മദ് നദീം ചാവേര്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇയാള്‍ പാകിസ്താനില്‍ പോയി ആയുധ പരിശീലനം നടത്തിയിട്ടുണ്ടെന്ന് ഇയാളുടെ ഫോണ്‍ റെക്കോര്‍ഡുകളിലും സന്ദേശങ്ങളിലും വ്യക്തമാക്കുന്നുവെന്ന് പോലീസ് പറയുന്നു.

ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് ആക്രമണത്തിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട പി.ഡി.എഫ് ഫയല്‍ പിടിച്ചെടുത്തു. ജെയ്‌ഷെ, തെഹ്‌രികെ ഭീകരരുമായി നടത്തിയ വോയ്‌സ്, ചാറ്റ് സന്ദേശങ്ങളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

ഇയാള്‍ പാകിസ്താനില്‍ പോയി പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. സാങ്കല്പിക ഫോണ്‍ നമ്പറുകള്‍ ഉണ്ടാക്കുന്നതിനും സര്‍ക്കാര്‍ ഓഫീസുള്‍ക്കു നേരെയോ പോലീസ് സേനയ്ക്കു നേരെയോ ചാവേര്‍ ആക്രമണം നടത്തുന്നതിനും പരിശീലനം നേടിയിട്ടുണ്ട്.

ഇയാളുടെ ഇന്ത്യയിലെ പങ്കാളിയെ കുറിച്ച് വിവരം ലഭിച്ചതായും അയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. വാട്‌സ്ആപ്, ടെലഗ്രാം, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, ക്ലബ് ഹൗസ് മറ്റ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഭീകര സംഘങ്ങളുമായി ബന്ധപ്പെടുന്നതിനു മുഹമ്മദ് നദീം ഉപയോഗിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.

ബിജെപി മുന്‍ വക്താവായ നുപുര്‍ ശര്‍മ്മ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് പ്രവാചകയെ അപമാനിക്കുന്ന വിധം സംസാരിച്ചത്. ഇതേതുടര്‍ന്ന് ഇവര്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നും പരാതി ഉയര്‍ന്നിരുന്നു. ഇതോടെ ഇവരെ വക്താവ് സ്ഥാനത്തുനിന്നും ബി.ജെ.പി നീക്കുകയായിരുന്നു.

Leave a Reply