ഏഴുമാസത്തിനിടെ 120 പേര്‍ക്ക് വധശിക്ഷ നല്‍കി സൗദി അറേബ്യ

0

ലോകത്തില്‍ ഏറ്റവും കര്‍ശന നിയമമുള്ള രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് സൗദി അറേബ്യ. മുന്‍കൂര്‍ അനുമതിയില്ലാതെ നിശ്ചിത വസ്ത്രധാരണരീതിയില്‍ നിന്ന് വ്യതിചലിക്കുന്നതോ ചിത്രങ്ങൾ എടുക്കുന്നതോ പോലും ആ രാജ്യത്ത് കുറ്റകരമാണ്. എന്തിനേറെ നിസാര കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നതിനും രാജ്യം കുപ്രസിദ്ധമാണ്.

യൂറോപ്യന്‍ സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (ഇഎസ്ഒഎച്ച്ആര്‍) അടുത്തിടെ പുറത്തുവിട്ട ഡാറ്റ ഷീറ്റ് പ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള ഏഴ് മാസത്തിനിടെ സൗദി അറേബ്യ 120 പേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

2021ല്‍ നടപ്പാക്കിയ വധശിക്ഷയുമായി താരതമ്യം ചെയ്യുമ്പോള്‍ 80 ശതമാനം വര്‍ദ്ധനവാണ് കണക്കുകള്‍ കാണിക്കുന്നത്. 2019ല്‍ ഒരു വര്‍ഷത്തിനിടെ 186 പേരെയാണ് ഈ രാജ്യത്ത് തലയറുത്ത് കൊന്നത്. ഈ വര്‍ഷം കണക്കുകള്‍ അതിലും കൂടുതല്‍ എത്തുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ഭയപ്പെടുന്നു.

സൗദി അറേബ്യ കൊലപ്പെടുത്തിയവരുടെ പട്ടികയില്‍ 101 പേര്‍ സ്വന്തം പൗരന്മാരാണ്. മറ്റ് 19 പേരില്‍ ഒമ്പത് യെമനികളും മൂന്ന് ഈജിപ്തുകാരും രണ്ട് ഇന്തോനേഷ്യക്കാരും എത്യോപ്യ, മ്യാന്‍മര്‍, ജോര്‍ദാന്‍, പലസ്തീന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും ഉള്‍പ്പെടുന്നു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 120 പേരില്‍ രാജ്യത്ത് ജനാധിപത്യത്തിനും മൗലികാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പ്രചാരണങ്ങളില്‍ പങ്കെടുത്തവരും ഉള്‍പ്പെടുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ സൗദി അറേബ്യന്‍ സര്‍ക്കാര്‍ 81 കുറ്റവാളികളുടെ തലയറുത്തിരുന്നു. എന്നാൽ ഇരകളില്‍ 70 ശതമാനത്തിലധികം പേരും ചെറിയ കുറ്റകൃത്യങ്ങളില്‍ മാത്രം പെട്ടവരാണ്. പക്ഷെ ഈ കൊലപാതകങ്ങളെ ന്യായീകരിക്കാന്‍ സൗദി അറേബ്യന്‍ നേതൃത്വം കുറ്റവാളികളെ തീവ്രവാദികളായി മുദ്രകുത്തി.

രാജ്യത്തെ തെറ്റായ ജുഡീഷ്യല്‍ സംവിധാനം കാരണം ഈ കൊലപാതകങ്ങളുടെ കേസുകള്‍ നിരീക്ഷിക്കാന്‍ കഴിയാത്തതില്‍ ഇഎസ്ഒഎച്ച്ആര്‍ അതിന്‍റെ റിപ്പോര്‍ട്ടില്‍ ഖേദിക്കുന്നു.

Leave a Reply