ഡീസല്‍ പ്രതിസന്ധി മൂലം കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വ്വീസുകള്‍ വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

0

കൊല്ലം; ഡീസല്‍ പ്രതിസന്ധി മൂലം കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വ്വീസുകള്‍ വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. “കെ.എസ്.ആർ.ടി.സി മരണത്തിലേക്ക് അടുക്കുകയാണ്.അതിന്റെ സൂചനയാണ് സർവീസ് നിർത്തലാക്കൽ. ലാഭത്തിലുള്ള സർവീസുകൾ സ്വിഫ്റ്റിലാക്കി. കെ.എസ്.ആർ.ടി.സിയുടെ നഷ്ടം 5 ഇരട്ടിയായി ഉയർന്നു. ഇത് തീവ്രവലതുപക്ഷ സമീപനമാണ്.കെ എസ് ആർ ടി സിയെ അടച്ചുപൂട്ടാനാണ് നീക്ക”മെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡീസൽ പ്രതിസന്ധി രൂക്ഷമായോടെ സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചു. സംസ്ഥാനത്ത് ഇന്ന് നിരവധി സർവീസുകൾ റദ്ദാക്കി. നിലവിൽ ഓർഡിനറി സർവീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. സംസ്ഥാന വ്യാപകമായി പകുതിയിലധികം സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. നാളെ 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രമേ സർവീസ് നടത്തൂ എന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ഞായറാഴ്ച ഓർഡിനറി ബസ്സുകൾ പൂർണമായും നിർത്തി വയ്ക്കും. എണ്ണ കമ്പനികൾക്ക് വൻ തുക കുടിശ്ശിക ആയതിനെ തുടർന്ന് ഡീസൽ ലഭ്യമാകാതെ വന്നതാണ് രൂക്ഷമായ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. 135 കോടി രൂപയാണ് എണ്ണ കമ്പനികൾക്ക് കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ധന പ്രതിസന്ധി പരിഹരിക്കുമെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.

കൊട്ടാരക്കര ഡിപ്പോയിൽ 33 ഓർഡിനറി സർവീസ് ഡീസൽ ക്ഷാമത്തെ തുടർന്ന് തടസ്സപ്പെട്ടു. ഡിപ്പോയിലെ 67 ഓർഡിനറി ബസുകളിൽ 33 ബസുകളും സർവീസ് നടത്തിയില്ല. കൊല്ലം, പുനലൂർ, പത്തനാപുരം, അടൂർ, ആയൂർ, പാരിപ്പള്ളി ചെയിൻ സർവീസുകളും മുടങ്ങി. ബസുകൾ ഇല്ലാത്തത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ വലച്ചു.
ഡീസല്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വരുമാനം കുറഞ്ഞ സര്‍വീസുകള്‍ റദ്ദാക്കണമെന്ന് എക്സിക്യുട്ടിവ് ഡയറക്ടര്‍മാര്‍ക്ക് കെഎസ്ആര്‍ടിസി എംഡി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും പിടിച്ചു നിൽക്കാനാകാത്ത സാഹചര്യത്തിലാണ് ഓർഡിനറി സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത്.

‘കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ ഡീസൽ ക്ഷാമം നേരിടുന്നതായി കാണുന്നു. ഇത്തരത്തിൽ ഡീസൽ എത്തുവാൻ താമസിക്കുക ഡീസൽ ഇല്ലാതെ വരിക എന്നീ സാഹചര്യങ്ങളിൽ EPB & EPKM അനുസരിച്ച് ഏറ്റവും EPB & EP KM കുറഞ്ഞ ബസ് ആദ്യം എന്ന നിലയിൽ ക്യാൻസൽ ചെയ്യണം. യാതൊരു കാരണവശാലും വരുമാനം ലഭിക്കുന്ന FP അടക്കമുള്ള ദീർഘദൂര സർവ്വീസുകൾ ക്യാൻസൽ ചെയ്യരുത് ഇത് സാമ്പത്തീക ബുദ്ധിമുട്ട് വർദ്ധിപ്പിക്കും എന്ന് ഓർമ്മിക്കുക. ഏതെങ്കിലും സർവ്വീസ് ഇതിന് വിരുദ്ധമായി ക്യാൻസൽ ചെയ്യുന്നില്ല എന്ന് ക്ലസ്റ്റർ ഓഫീസർമാർ ഉറപ്പ് വരുത്തണം. വിജിലൻസ് വിഭാഗം മേൽ പരിശോധന നടത്തി ഇപ്രകാരമാണ് ക്യാൻസലേഷൻ എന്ന് ഉറപ്പാക്കണം’

ആവശ്യത്തിന് ഡീസൽ സ്റ്റോക്ക് ചെയ്യാത്തത് മാനേജ്മെന്‍റിന്‍റെ വീഴ്ചയാണെന്ന് പ്രതിപക്ഷ യൂണിയനുകൾ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഗതാഗത മന്ത്രിയാണ് ഉത്തരവാദിയെന്ന ആക്ഷേപവുമായി ഭരണാനുകൂല യൂണിയനായ എഐടിയുസിയും രംഗത്തെത്തിയിട്ടുണ്ട്. ഡീസല്‍ പ്രതിസന്ധി മറികടക്കാനുള്ള നടപടി സ്വീകരിക്കുന്നതില്‍ വലിയ വീഴ്ച സംഭവിച്ചു. സാമ്പത്തിക പ്രതിസന്ധി നീണ്ടു പോയാൽ കെഎസ്ആര്‍ടിസിയുടെ ഒരു സർവീസും അയക്കാനാകാത്ത അവസ്ഥയുണ്ടാകും. മന്ത്രിയുടെ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് എഐടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാജു ആരോപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here