അനിശ്ചിതത്വങ്ങൾക്കിടയിലും കരുത്തുകാട്ടി ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ

0

റാഞ്ചി: അനിശ്ചിതത്വങ്ങൾക്കിടയിലും കരുത്തുകാട്ടി ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. തന്റെ അയോഗ്യതയിൽ തീരുമാനം പുറത്ത് വരാനിരിക്കെ ജെ.എം.എം-കോൺഗ്രസ്-ആർ.ജെ.ഡി സർക്കാറിൽ വിള്ളൽ വീഴ്ത്താനാവില്ലെന്ന സന്ദേശമാണ് സോറൻ കഴിഞ്ഞ ദിവസവും നൽകിയത്.
എം.എൽ.എമാരുമായി ലാറട്ടു ഡാമിൽ ബോട്ട് യാത്ര നടത്തിയാണ് സോറൻ തങ്ങളൊന്നാണെന്ന സന്ദേശം നൽകിയത്. തലസ്ഥാനമായ റാഞ്ചിയിൽ നിന്നും 40 കിലോ മീറ്റർ അകലെയാണ് ബോട്ട് യാത്ര നടന്ന സ്ഥലം. തുടർച്ചയായ യോഗങ്ങൾക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി എം.എൽ.എമാരുമായി രണ്ട് മണിക്കൂർ വിനോദയാത്രക്ക് പോയത്.

എം.എൽ.എമാരുമായി രണ്ട് യോഗങ്ങൾ സോറന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടത്തിയിരുന്നു. തുടർന്ന് ശനിയാഴ്ച രാവിലെ 11 മണിക്കും സോറൻ എം.എൽ.എമാരുടെ യോഗം വിളിച്ചു. ഈ യോഗത്തിന് ശേഷമാണ് മൂന്ന് ആഡംബര ബസുകളിൽ എം.എൽ.എമാരുമായി അദ്ദേഹം വിനോദയാത്ര നടത്തിയത്.
വിനോദയാത്രക്കിടെ എം.എൽ.എമാരുമായി ഷിബുസോറൻ ചിത്രങ്ങൾക്കും പോസ് ചെയ്തു. എം.എൽ.എമാരുടെ പൂർണ പിന്തുണ ഷിബുസോറനുണ്ടെന്നും ബി.ജെ.പിക്ക് സർക്കാറിനെ അട്ടിമറിക്കാനാവില്ലെന്നും ജെ.എം.എം നേതാവ് പ്രതികരിച്ചു. അതേസമയം, 81 അംഗ നിയമസഭയിൽ 49 അംഗങ്ങളുടെ പിന്തുണയാണ് സഖ്യസർക്കാറിനുള്ളത്. ഇതിൽ 30 എം.എൽ.എമാരുമായി ജെ.എം.എം ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. കോൺഗ്രസിന് 18 അംഗങ്ങളുണ്ട്. ബി.ജെ.പിക്ക് 26 അംഗങ്ങളാണുള്ളത്. ഷിബുസോറന് അയോഗ്യത വന്നതോടെ ഝാർഖണ്ഡ് സർക്കാറിനെ മറിച്ചിടാൻ ബി.ജെ.പി ശ്രമമാരംഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, ഷിബു സോറന്റെ അയോഗ്യതയിൽ തീരുമാനം ഇന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോറൻ അയോഗ്യനായാൽ സംസ്ഥാന ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമോയെന്നതിലും നിർണായകമാവുക ഗവർണറുടെ നീക്കമാവും.

LEAVE A REPLY

Please enter your comment!
Please enter your name here