ബാറിൽ 36 -കാരിയായ പ്രധാനമന്ത്രിയുടെ ഡാന്‍സ്; അടിച്ചു പൂസെന്ന് വിമർശകർ;

0

ഫിൻലാൻഡ് പ്രധാനമന്ത്രി സന്നാ മരിൻ വീണ്ടും വിവാദത്തിൽ. നിരോധിത മയക്കുമരുന്ന് ഉപയോഗിച്ച് കൂട്ടുകാർക്കൊപ്പം നൃത്തം ചെയ്തു എന്നാണ് 36കാരിക്കെതിരെ ഉയരുന്ന പുതിയ ആരോപണം. സന്നാ മരിന്റെ പുതിയൊരു വീഡിയോ പുറത്തുവന്നതിനെ തുടർന്നാണ് ഈ വിവാദം. സുഹൃത്തുക്കളുമായും ഫിന്നിഷ് പൊതുപ്രവർത്തകരുമായും സന്ന മാരിൻ അടിച്ചുപൂസായ വിധത്തിൽ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ ബുധനാഴ്ചയാണ് ചോർന്നത്.

ഒരു സംഘം സ്ത്രീകൾക്കൊപ്പം പ്രധാനമന്ത്രി ആടിപ്പാടി നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയായിലുള്ളത്. ഫിൻലാൻഡിലെ സെലബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരുമെല്ലാം അടങ്ങിയ കൂട്ടത്തിനു നടുവിലാണ് പ്രധാനമന്ത്രിയുടെ നൃത്തം. അടിച്ചു പൂസായി പ്രധാനമന്ത്രി നൃത്തം ചെയ്യുന്നു എന്ന രീതിയിലാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പ്രചരിച്ചത്. തുടർന്ന്, നിരോധിത മയക്കുമരുന്നായ കൊക്കൈൻ ഉപയോഗിച്ചുള്ള പാർട്ടിയാണ് നടന്നതെന്ന് ആരോപണം ഉയർന്നു. അതോടൊപ്പം, ഇവരുടെ രാജിക്കു വേണ്ടിയുള്ള മുറവിളികളും ഉയർന്നുവന്നു. സോഷ്യൽ മീഡിയാ സ്‌റ്റോറി ആയി പുറത്തുവന്ന വീഡിയോ വൈറലായതിനെ തുടർന്ന്, സന്ന മരിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.

ചില മാധ്യമങ്ങൾ പ്രധാനമന്ത്രി സന്ന മരിൻ ഉൾപ്പെട്ട പാർട്ടി സംഘത്തെ ജൗഹോജെംഗി എന്നാണ് വിശേഷിപ്പിച്ചത്. ‘മയക്കുമരുന്നു കൂട്ടം’ എന്നാണ് ഇത് അർത്ഥമാക്കുന്നത്. ചോർന്ന പാർട്ടി വീഡിയോകളിൽ ഒന്നിൽ കൊക്കെയ്‌നെ കുറിച്ച് പറയുന്നത് കേൾക്കാമെന്ന് ഫിന്നിഷ് മാധ്യമമായ ‘വൈൽ’ (Yleisradio Oy ) റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വാക്ക് ജല്ലുജെങ്കി ( ഫിന്നിഷ് ലഹരിപാനീയമായ ജലോവിന) ആയിരിക്കാൻ സാധ്യതയുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവർ പറയുന്നത്. ആരോപണങ്ങൾ കടുത്തതോടെ പ്രധാനമന്ത്രി സ്വമേധയാ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയ ആകുന്നതാണ് നല്ലതെന്ന് എംപി മിക്കോ കർണ ഉൾപ്പെടെയുള്ളവർ ട്വീറ്റ് ചെയ്തിരുന്നു.

ഈ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് ആവശ്യമെങ്കിൽ താൻ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയയാവാമെന്ന് സന്നാ മരിൻ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഒന്നും മറയ്ക്കാനില്ല. ഒരിക്കലും മയക്കുമരുന്ന് കഴിച്ചിട്ടില്ല. ആഴ്ചകൾക്ക് മുമ്പ് ഒരു സ്വകാര്യ അപ്പാർട്ട്‌മെന്റിൽ വച്ചാണ് ഇപ്പോൾ പുറത്തുവന്ന വീഡിയോകൾ ചിത്രീകരിച്ചതെന്നും ഹെൽസിങ്കിയിലെ രണ്ട് ബാറുകളിൽ അതിഥികളോടൊപ്പം സമയം ചിലവഴിച്ചെന്നും എന്നാൽ, താൻ അമിതമായി മദ്യപിച്ചിരുന്നില്ലെന്നും മാരിൻ പറഞ്ഞു. കൂട്ടുകാരുമൊത്തുള്ള നൈറ്റ് ഔട്ട് മാത്രമായിരുന്നു അത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന വിശേഷണത്തോടെ അധികാരത്തിലെത്തിയ വ്യക്തിയാണ് സന്ന മരിൻ. പക്ഷെ ഇതാദ്യമല്ല ഫിൻലാൻഡ് പ്രധാനമന്ത്രി വിവാദങ്ങളിൽ പെടുന്നത്. നൈറ്റ് ക്ലബ്ബുകളിലും മ്യൂസിക് പാർട്ടികളിലും ഒക്കെ പങ്കെടുക്കുന്ന സന്നാ മരിന്റെ വീഡിയോകൾ ഇതിനുമുമ്പും ലീക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കാലത്ത് തന്റെ പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതിന് തൊട്ടു പിന്നാലെ നിശാ ക്ലബ്ബിലെത്തിയ സന്ന മരിന്റെ നടപടി ഏറെ വിമർശിക്കപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here